മെക്‌സിക്കൻ സിറ്റി: എഫ്.ബി.ഐ.യുടെ പിടികിട്ടാപ്പുള്ളികളായ ആദ്യപത്തുപേരുടെ പട്ടികയിലുള്ള മയക്കുമരുന്നുമാഫിയാ തലവൻ ഫൗസ്റ്റോ ഇസിഡ്രോ മെസ ഫ്‌ളോറസിനെ പിടികൂടുന്ന ദൗത്യത്തിനിടെ കൊല്ലപ്പെട്ടത് 11 പേർ. ഇതിൽ നാലു സൈനികരും ഏഴ് തോക്കുധാരികളും ഉൾപ്പെടുന്നതായി മെക്‌സിക്കൻ സൈന്യം അറിയിച്ചു.

To advertise here,

'ചാപോ ഇസിഡ്രോ' എന്നറിയപ്പെടുന്ന ഫൗസ്റ്റോ ഇസിഡ്രോ മെസ ഫ്ളോറസിനെ സിനോവയിലെ ഗ്വാസവേയിൽ വെച്ചാണ് പിടികൂടിയത്. ഈ അറസ്റ്റിനെത്തുടർന്ന് സിനോവയിൽ വ്യാപകമായ ഏറ്റുമുട്ടലുകളും അക്രമങ്ങളും അരങ്ങേറി.

ദൗത്യത്തിൽ ചാപോ ഇസിഡ്രോയുടെ രണ്ടാമത്തെ കമാൻഡർ എന്ന് സംശയിക്കുന്നയാളും ക്രിമിനൽ സംഘത്തിന്റെ ഫിനാൻഷ്യൽ ഓപ്പറേറ്ററും പിടിയിലായിട്ടുണ്ട്. അറസ്റ്റ് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്കു നേരെ വെടിവെപ്പും സ്ഫോടകവസ്തു പ്രയോഗവും ഉണ്ടായതായി മെക്സിക്കൻ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് അറിയിച്ചു. ഓപ്പറേഷനിടെ ഏഴ് ആക്രമണകാരികൾ കൊല്ലപ്പെട്ടു. വീടിനുള്ളിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ മെസ-ഫ്ളോറസിനെയും അദ്ദേഹത്തിന്റെ രണ്ട് സഹായികളെയും, കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് അഞ്ച് പേരെയും പിടികൂടി. ഇവരിൽ നിന്ന് മയക്കുമരുന്നുകൾ, പണം, 10 തോക്കുകൾ, ഗ്രനേഡ് ലോഞ്ചർ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിന് പിന്നാലെ ഹൈവേകളിൽ മെസ ഫ്ളോറസിന്റെ അനുയായികൾ ട്രക്കുകൾക്കും മറ്റ് വാഹനങ്ങൾക്കും തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ നിരവധി യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സിനോവയുടെ ഇടക്കാല ഗവർണർ ഗ്രാസിയേല ഡൊമിംഗസ് നാവ അറിയിച്ചു. ബേസ്ബോൾ മത്സരം സുരക്ഷാ കാരണങ്ങളാൽ പൂർണ്ണമായും റദ്ദാക്കിയതായും ലീഗ് അധികൃതർ വ്യക്തമാക്കി.

ഗ്വാസവെയിലെ പെട്രോൾ പമ്പുകളും കടകളും ഇവർ തീവെച്ച് നശിപ്പിച്ചു. കാർട്ടൽ അംഗങ്ങളും മെക്സിക്കൻ സൈനിക വിഭാഗങ്ങളും തമ്മിൽ വെടിവെപ്പുകൾ നടന്നു. ഗ്വാസാവെയിൽ സൈനിക ഹെലികോപ്റ്ററുകൾ കരയിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മെസ ഫ്ളോറസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘങ്ങളെയാണ് ഹെലികോപ്റ്ററുകൾ ലക്ഷ്യമിട്ടതെന്നാണ് വിവരം. പ്രദേശവാസികൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് സോഷ്യൽ മീഡിയയിലൂടെ അധികൃതർ നിർദ്ദേശം നൽകി.