ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് മൈനിൽ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചു. ഒമാനിലെ ഖസബിൽനിന്ന് ഏഴ് നോട്ടിക്കൽ മൈൽ (ഏകദേശം 13 കിലോമീറ്റർ) അകലെയാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിലുണ്ടാകുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി. ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ മുറിക്ക് തീപിടിക്കുകയും പ്രവർത്തിക്കാനാവാത്ത വിധം കപ്പൽ നിശ്ചലമാവുകയും ചെയ്തു.

സംഭവം ഇറാനിയൻ നാവികസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ കപ്പലിന് കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ വ്യക്തമാക്കി. നിരോധിത കടൽമേഖലയിലൂടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിലാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് ഇറാൻ നാവികസേന അവകാശപ്പെട്ടു.

ഹോർമുസ് കടലിടുക്കിന് കിഴക്കുള്ള നിരോധിത മേഖലയിലൂടെ സഞ്ചരിച്ച കപ്പൽ അതിന്റെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് ഇറാൻ ഔദ്യോഗിക റേഡിയോ-ടെലിവിഷൻ പ്രക്ഷേപകരായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകൾ മൈനുകളിൽ തട്ടിയതായി ഇറാന്റെ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃതമായി തെക്കൻ കപ്പൽ പാത ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെ മുൻപ് രണ്ട് എണ്ണക്കപ്പലുകൾ നാവിക മൈനിൽ തട്ടിയെന്ന് ഇറാന്റെ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.