വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ അമേരിക്കൻ നാവികസേന ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് നേരിടുന്നതിനിടെയാണ് ഉപയോഗശൂന്യമായി മാറ്റിവെച്ചിരുന്ന മിസൈലുകളുടെ ഓപ്പറേഷൻ കോഡുകൾ തിരുത്തി അമേരിക്ക അവ വീണ്ടും വിന്യസിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴിയിലാണ് ആക്ടിംഗ് യു.എസ് നേവി സെക്രട്ടറി ഹങ് കാവോ ഈ കാര്യം സ്ഥിരീകരിച്ചത്.

To advertise here,

ഫെബ്രുവരിയിൽ ആരംഭിച്ച 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നടപടിക്കിടെ, കാലാവധി കഴിഞ്ഞതോ ഉപയോഗശൂന്യമോ ആയ മിസൈലുകളുടെ സോഫ്റ്റ്വെയർ കോഡുകൾ തിരുത്തി അവ വീണ്ടും യുദ്ധത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പഴകിയ അപ്പത്തിൽ അല്പം വെള്ളം തളിച്ച് മൈക്രോവേവിൽ വെച്ച് ചൂടാക്കി വീണ്ടും കഴിക്കാൻ പാകത്തിലാക്കുന്നതുപോലെയാണ് ഈ പ്രക്രിയയെന്നാണ് അദ്ദേഹം യു.എസ് ജനപ്രതിനിധികളോട് ഉപമിച്ചത്. എന്നാൽ എത്ര മിസൈലുകളാണ് ഇത്തരത്തിൽ ഓപ്പറേഷൻ കോഡ് മാറ്റി ഉപയോഗിച്ചതെന്നോ, അവയുടെ സുരക്ഷാ പരിശോധനകൾ പൂർണ്ണമായി നടന്നിട്ടുണ്ടോ എന്ന കാര്യത്തിലോ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.

ഇറാൻ യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ വൻതോതിൽ മിസൈലുകൾ ഉപയോഗിച്ചതാണ് യു.എസ് ആയുധശേഖരം കുറയാൻ ഇടയാക്കിയത്. യുദ്ധത്തിന്റെ ആദ്യ നാല് ആഴ്ചകൾക്കുള്ളിൽ 850-ലധികം ടോമഹോക് മിസൈലുകൾ അമേരിക്ക പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. പോരാട്ടം താൽക്കാലികമായി നിർത്തിവെക്കുമ്പോഴേക്കും 1,000-ത്തിലധികം മിസൈലുകൾ അമേരിക്ക ചെലവഴിച്ചതായി സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വിലയിരുത്തുന്നു.

ഒരു പുതിയ ടോമഹോക് മിസൈലിന് ഏകദേശം 3.6 ദശലക്ഷം ഡോളർ (ഏകദേശം 30 കോടിയോളം രൂപ) ചെലവ് വരും എന്നതിനാലും ഇവ നിർമ്മിക്കാൻ രണ്ടു വർഷത്തോളം സമയമെടുക്കും എന്നതിനാലും ഉത്പാദനം പെട്ടെന്ന് കൂട്ടുന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് പഴയ മിസൈലുകൾ ഉപയോഗിക്കാൻ യുഎസ് സൈന്യം നിർബന്ധിതമായത്.

മിസൈലുകളുടെ കാലാവധി കഴിയുമ്പോൾ അവയിലെ രാസഘടകങ്ങൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, പ്രൊപ്പല്ലന്റുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഇത് മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനെയും സ്‌ഫോടന ശേഷിയെയും ബാധിക്കാം. മുൻ യുദ്ധങ്ങളിൽ ഇത്തരത്തിൽ പുതുക്കി ഉപയോഗിച്ച ചില മിസൈലുകൾ പൊട്ടിത്തെറിക്കാതെ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ആയുധ നിർമ്മാണ മേഖലയ്ക്ക് ആവശ്യാനുസരണം പുതിയ മിസൈലുകൾ വിതരണം ചെയ്യാൻ കഴിയാത്തതിനാലാണ് ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം പഴയ ശേഖരങ്ങളെ ആശ്രയിക്കുന്നത്.