ലണ്ടൻ: രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരമാക്കിയ ബ്രെക്‌സിറ്റ് (യൂറോപ്യൻ യൂണിയൻ വിടൽ) നടന്ന് ആറുവർഷങ്ങൾക്കിപ്പുറം ഇ.യു.വുമായി അടുക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നു. യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹം തുടക്കമിട്ടു. ബ്രെക്‌സിറ്റാനന്തര സാമ്പത്തികപ്രതിസന്ധി മറികടക്കാൻ യൂറോപ്യൻ വ്യാപാരമേഖലയിലേക്ക് മടങ്ങണമെന്നാണ് ബേൺഹമിന്റെ നിലപാട്.

To advertise here,

ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന ചർച്ചകളിൽ ഒട്ടേറെ കരാറുകൾ പ്രഖ്യാപിച്ചു. നീക്കം ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഒരുപോലെ സാമ്പത്തികവും സുരക്ഷാപരവുമായ നേട്ടങ്ങൾ നൽകുമെന്ന് ഇരുപക്ഷവും പ്രത്യാശ പ്രകടിപ്പിച്ചു. “കൂടുതൽ അപകടസാധ്യതയുള്ള ലോകത്ത് നാം ഒരുമിച്ചുനിൽക്കുമ്പോൾ കൂടുതൽ ശക്തരാകും” എന്ന് ബേൺഹം പറഞ്ഞു. ബ്രെക്‌സിറ്റ് ബ്രിട്ടനിൽ വലിയ രാഷ്ട്രീയ -സാമൂഹിക ഭിന്നതകൾക്ക് വഴിവെച്ചിരുന്നു.

വ്യാപാരക്കരാർ മുതൽ വിദ്യാർഥികൈമാറ്റം വരെ

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പത്തുവർഷത്തെ അകൽച്ചയ്ക്ക് വിരാമമിടാൻ വ്യാപാരം, യുവജന കൈമാറ്റം, കുടിയേറ്റം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നിർണായക കരാറുകളുമായി ബ്രിട്ടനും ഇ.യുവും. പുതിയ കരാർ ബ്രിട്ടന്റെ ജി.ഡി.പി.യിൽ 0.5 ശതമാനം വളർച്ചയ്ക്കും 1700 കോടി പൗണ്ടിന്റെ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുമെന്ന് ബേൺഹം പറഞ്ഞു. കാർഷികോത്പന്നങ്ങളുടെ വ്യാപാരതടസ്സങ്ങൾ കുറയ്ക്കുന്നതിനും ഭക്ഷ്യവില താഴ്ത്തുന്നതിനുമുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.

ബ്രെക്‌സിറ്റ്

2016 ജൂൺ 23-ന് നടന്ന ഹിതപരിശോധനയിൽ ഭൂരിപക്ഷം ബ്രിട്ടീഷ് വോട്ടർമാരും യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചതോടെയാണ് ബ്രെക്‌സിറ്റിന് വഴിയൊരുങ്ങിയത്. 2020 ജനുവരി 31-ന് ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിട്ട ബ്രിട്ടൻ, അക്കൊല്ലം ഡിസംബർ 31-ന് ഏകീകൃത വിപണിയിൽനിന്നും കസ്റ്റംസ് യൂണിയനിൽനിന്നും പുറത്തായി. കുടിയേറ്റ നിയന്ത്രണം, രാജ്യത്തിന്റെ പരമാധികാരം, വ്യാപാരനയങ്ങളിലെ സ്വാതന്ത്ര്യം എന്നിവയായിരുന്നു ബ്രെക്‌സിറ്റ് അനുകൂലികളുടെ വാദങ്ങൾ. എന്നാൽ, യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം കുറഞ്ഞതും വ്യാപാര നടപടികൾ സങ്കീർണമായതും സാമ്പത്തികവളർച്ചയെ ബാധിച്ചെന്നാണ് വിലയിരുത്തൽ.