
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിൽ ലോകം ഉറ്റുനോക്കുന്ന യുഎസ്-ഇറാൻ കരാറിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം ഒഴിയുന്നില്ല. കരാറിൽ ഞായറാഴ്ച ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും ഇറാന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമായിട്ടില്ല. രണ്ട് ഘട്ടമായിട്ടാകും യുഎസുമായുള്ള ഇറാന്റെ കരാർ. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് മുതൽ എണ്ണ ഉപരോധങ്ങളിൽ യുഎസ് ഇളവുകൾ നൽകുന്നത് വരെയുള്ള വിവിധ വിഷയങ്ങൾ പ്രാഥമിക ധാരണാപത്രത്തിലുണ്ടെന്നാണ് വിവരം. ഒരു ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥൻ കരാറിലെ വിശദാംശങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഒന്നാംഘട്ട കരാറിന് ശേഷം 60 ദിവസത്തിനുള്ളിൽ അന്തിമ കരാർ ചർച്ച ചെയ്യും.
ഒന്നാംഘട്ട ധാരണാപത്രത്തിൽ ഉൾപ്പെടുന്നവ ഇവയാണ് (ഇറാനിയൻ ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്)
- ഇറാൻ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും തുറന്നുകൊടുക്കുന്നു. സമാനമായി യുഎസ് ഇറാനിയൻ തുറമുഖങ്ങൾക്കുനേരെ ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കം ചെയ്യുന്നു. മെമ്മോറാണ്ടം ഒപ്പിട്ട ഉടൻ തന്നെ യുഎസ് ഉപരോധം ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
- അന്തിമ ഉടമ്പടിയിലെത്തുന്നതുവരെ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെന്ന് അമേരിക്ക സമ്മതിച്ചു.
- അന്തിമ ഉടമ്പടിക്ക് ശേഷം, അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും അംഗീകരിച്ച സമയക്രമം അനുസരിച്ച് നീക്കം ചെയ്യും.
- നിശ്ചിത കാലയളവിലേക്ക് ഇറാനെതിരായ എണ്ണ ഉപരോധം അമേരിക്ക ഒഴിവാക്കും, ഇതിലൂടെ ഇറാന് എണ്ണ വിൽക്കാനും വാങ്ങാനും കഴിയും.
- മരവിപ്പിച്ച ഇറാന്റെ ആസ്തികളിൽ നിന്ന് 25 ബില്യൺ ഡോളർ വിട്ടുനൽകാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെയും നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെയും സാമ്പത്തിക ക്രെഡിറ്റ് ലൈനുകളിലൂടെയുമാകും ഈ പണം വിട്ടുനൽകുക.
- പ്രാദേശിക സഖ്യകക്ഷികളുമായി ചേർന്ന് ഇറാനുവേണ്ടിയുള്ള പുനർനിർമ്മാണ, വികസന പദ്ധതിക്ക് യുഎസ് രൂപം നൽകും, ഇത് 60 ദിവസത്തിനുള്ളിൽ ഇറാനുമായി ചർച്ച ചെയ്ത് അംഗീകരിക്കും.
- ഇറാൻ ആണവായുധങ്ങൾ ഉത്പാദിപ്പിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യില്ലെന്ന് സമ്മതിച്ചു
- അന്തിമ ഉടമ്പടി വരെ ഇറാൻ തങ്ങളുടെ ആണവ പരിപാടിയുടെ നിലവിലെ സ്ഥിതി നിലനിർത്തും എന്നാൽ ഇക്കാലയളവിൽ യൂറേനിയം സമ്പുഷ്ടീകരണം വർദ്ധിപ്പിക്കുന്നതും ആണവ പദ്ധതികൾ വികസിപ്പിക്കുന്നതും ഒഴിവാക്കും.
- നിലവിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിനുള്ളിൽ തന്നെ നശിപ്പിക്കാനുള്ള പദ്ധതി 60 ദിവസത്തിനുള്ള ചർച്ച ചെയ്ത് തീരുമാനിക്കും.
അതേസമയം യുഎസ് ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല. ലെബനൻ വിഷയം കരാറിന്റെ ഭാഗമാണോ എന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടില്ല. ലെബനനിൽ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ഇതിനിടെ നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഖത്തർ പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി ഇറാനിയൻ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്.
Content Highlights: Proposed two-phase peace agreement between the US and Iran., Immediate opening of the Hormuz Strait for commercial shipping., US commitment to release $25 billion in frozen Iranian assets., Iran agrees to halt nuclear weapons development and enrichment expansion., 60-day timeline for negotiating a final, comprehensive treaty.
Published: 14 Jun 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented