ജനീവ: യു.എസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപനചർച്ചയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച സ്വിസ് നഗരമായ ജനീവയിൽ നടക്കും.
ചർച്ചയ്ക്കായി ജനീവയിലെത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ.) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. യു.എസുമായി നീതിപൂർവവും സന്തുലിതവുമായ കരാറുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു.
ഈ മാസം ആറിന് ഒമാനിൽ നടന്ന ആദ്യഘട്ട ചർച്ചയിലൂടെ ഇറാന്റെ ആണവപദ്ധതിയോടുള്ള യു.എസ്. നിലപാട് കൂടുതൽ യാഥാർഥ്യത്തിലൂന്നിയതായിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഘേയ് പറഞ്ഞു. ഇറാനുമേലുള്ള ഉപരോധങ്ങൾ ഇളവുചെയ്യാൻ യു.എസ്. തയ്യാറായാൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ പറഞ്ഞിരുന്നു.
ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുകയാണ്. ഇറാനിൽ സൈനികനടപടിക്ക് യു.എസ്. സൈന്യം സജ്ജമാവുകയാണെന്ന് റോയിറ്റേഴ്സ് റിപ്പോർട്ടുചെയ്തിരുന്നു. ഇറാൻ തീരത്ത് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദേശം നൽകിയിട്ടുണ്ട്. യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങി.
ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെത്തുടർന്ന് 2025 ജൂണിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരുന്നു. അന്ന് ഇറാന്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് ഐ.എ.ഇ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം.
അതേസമയം, സിവിലിയൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമ്പുഷ്ടീകരണമേ നടത്തുന്നുള്ളൂവെന്നാണ് ഇറാൻ പറയുന്നത്. യു.എസ്. മധ്യസ്ഥതയിൽ റഷ്യയുടെയും യുക്രൈന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയും ബുധനാഴ്ച ജനീവയിൽ നടക്കും.
Content Highlights: us iran nuclear talks
Published: 17 Feb 2026, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented