ടെഹ്റാൻ/വാഷിങ്ടൺ: ഒരിടവേളയ്ക്കുശേഷം വീണ്ടും സമ്പൂർണ്ണ യുദ്ധത്തിലേക്ക് മടങ്ങിയേക്കുമെന്ന ആശങ്കകളുയർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ കഴിഞ്ഞ രാത്രി മൈനുകളിൽ തട്ടിയോ ആക്രമണത്തിലോ ആയി ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. സമീപദിവസങ്ങളിൽ കടലിടുക്കിലുണ്ടായ ഏറ്റവും ഉയർന്ന തോതിലുള്ള പിരിമുറുക്കമാണിത്.
21 ഇന്ത്യൻ ജീവനക്കാരുള്ള ഒരു കപ്പലും ഇതിലുൾപ്പെട്ടിട്ടുണ്ട്. 'കുവൈത്ത് പതാകയുള്ള 'എം/ടി അൽ ദസ്മ' (M/T AL DASMA) എന്ന എണ്ണ ടാങ്കറിനു നേരെ അജ്ഞാതമായ ഒരു വസ്തു പതിച്ചു. ഈ കപ്പലിൽ 21 ഇന്ത്യൻ നാവികർ ഉണ്ടായിരുന്നു'വെന്ന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ അറിയിച്ചു.
21 ഇന്ത്യൻ ജീവനക്കാരും കപ്പലിലെ മറ്റ് ജീവനക്കാരും പൂർണ്ണമായും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി, ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയും കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇറാനുമേലുള്ള യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഹോർമുസിലെ പുതിയ സംഭവവികാസങ്ങൾ. ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടാൻ സാധ്യതയുള്ള ഇസ്രായേലിന്റെ നിർണ്ണായക തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയും, അടുത്ത മാസത്തെ യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായും യുദ്ധം പുനരാരംഭിച്ചേക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് വാണിജ്യക്കപ്പലുകൾ കടത്തിവിടുന്നത് യു.എസ് തുടർന്നാൽ പ്രദേശത്തെ യു.എസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
നവംബർ മൂന്നിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനിൽ വീണ്ടും സൈനികാക്രമണം നടത്തുന്നതിനായി അമേരിക്കയും ഇസ്രായേലും പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
'ചെറുതും എന്നാൽ തീവ്രവുമായ ഒരു സൈനിക നീക്കത്തിന് മുന്നോടിയായി അമേരിക്കയും ഇസ്രായേലും സൈനികാഭ്യാസങ്ങൾ ശക്തമാക്കിയിട്ടുണ്ട്്. ആക്രമണ തന്ത്രങ്ങളുടെ ഭാഗമായി ഇറാന്റെ പടിഞ്ഞാറൻ അയൽരാജ്യമായ ഇറാഖിന് മുകളിലൂടെയുള്ള വ്യോമാക്രമണ പരിശീലനങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, മിസൈൽ-ഡ്രോൺ ശേഖരങ്ങൾ എന്നിവയാണ് ലക്ഷ്യമിടാൻ സാധ്യതയുള്ളത്. ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകർക്കാനും അതുവഴി നയതന്ത്രപരമായ വിട്ടവീഴ്ചകൾ ചെയ്യാൻ അവരെ നിർബന്ധിതരാക്കാനും മറ്റൊരു വലിയ ആക്രമണ പരമ്പരയ്ക്ക് കഴിയുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
Content Highlights: Seven oil tankers were attacked or hit by mines in the Strait of Hormuz., An oil tanker named M/T AL Dasma carrying 21 Indian crew members was among those targeted., Union Minister Sarbananda Sonowal confirmed that all 21 Indian crew members are completely safe., Fears of a renewed war between US-Israel and Iran are rising ahead of elections.
Published: 22 Oct 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented