ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേൽ പോളിങ് ബൂത്തിലെത്തുന്നത്

ടെൽ അവീവ്: ലോകത്തിന്റെയാകെ തന്നെ ഗതി മാറ്റിമറിച്ച യുദ്ധങ്ങൾക്കും ആഭ്യന്തര രാഷ്ട്രീയ ഭിന്നതകൾക്കുമിടയിൽ ഇസ്രായേലിൽ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുകയാണ്. ദീർഘനാളായി അധികാരം കൈയാളുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കസേരയിൽ നിന്ന് പടിയിറങ്ങുമോ എന്നതിനൊപ്പം യുദ്ധങ്ങളുടെ ഭാവിയെ കൂടി നിർണയിക്കുന്ന ചൂണ്ടുപലകയാകും ഇസ്രയേലിലെ തിരഞ്ഞെടുപ്പ്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി നടത്തിയ മിന്നലാക്രമണത്തിനും പശ്ചിമേഷ്യയിലെ ഇന്നും തീരാത്ത സംഘർഷങ്ങൾക്കും ശേഷം ഇതാദ്യമായാണ് ഇസ്രയേൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമാണ് പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രധാന എതിരാളി. കടുത്ത മത്സരമായതിനാൽ നെതന്യാഹുവിന്റെ സഖ്യമാണോ അതോ ഐസൻകോട്ടിന്റെ യഷാർ പാർട്ടി നേതൃത്വം നൽകുന്ന സഖ്യമാണോ ഭരണം പിടിക്കുക എന്ന് ആർക്കും ഇതുവരെ ഉറപ്പിച്ച് പറയാൻ കഴിഞ്ഞിട്ടില്ല. അതേസമയം തിരഞ്ഞെടുപ്പിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ അറബ് പാർട്ടികൾ ശ്രമിക്കുന്നതും നിർണായകമാകും. ഇതെല്ലാം കൂടിക്കുഴഞ്ഞ സാഹചര്യമുണ്ടായാൽ പുതിയ പ്രധാനമന്ത്രിക്കായി ഇസ്രായേലിന് ആഴ്ചകളോളം കാത്തിരിക്കേണ്ടിവന്നേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഇറാനെതിരായ യുദ്ധം തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമാണ്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ തുറുപ്പുചീട്ടും അതുതന്നെയാണ്. ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞത്. ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഗാസയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാണ്. നെതന്യാഹു നേരിടാൻ പോകുന്ന ജനവിധി എന്നതിനപ്പുറം ഇസ്രയേലിന്റെ ഭാവി എങ്ങോട്ടാണെന്ന് ചൂണ്ടിക്കാട്ടുന്ന വിധി കൂടിയാകും ഇന്ന് ജനങ്ങൾ കുറിക്കുക. കടുത്ത മത-ദേശീയ ശക്തികളുടെ കൈപ്പിടിയിലേക്ക് രാജ്യം പോകുമോ അതോ മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രാജ്യമാകണോ എന്ന ചോദ്യവും തിരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവാണ്.
ഗാസ, ഇറാൻ യുദ്ധങ്ങൾക്കുശേഷം അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ഇസ്രായേലിനുള്ള പിന്തുണ വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പലതും ഇസ്രായേലിനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തെ നയിക്കാൻ ശേഷിയുള്ള നേതാവായാണ് നെതന്യാഹുവിനെ അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിക്കുന്നത്. പരിചയസമ്പന്നനായ രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹം നിരവധി യുദ്ധങ്ങളിൽ ഇസ്രായേലിനെ വിജയിപ്പിച്ചു എന്ന് നെതന്യാഹു അനുകൂലികൾ പറയുന്നു.
എന്നാൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന നേതാവ് എന്നാണ് മറുപക്ഷം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗുരുതരമായ അഴിമതി കേസിൽ വിചാരണ നേരിടുന്ന നെതന്യാഹു, രാഷ്ട്രീയ നേട്ടങ്ങളാക്കായാണ് ഗാസയ്‌ക്കെതിരായ ആക്രമണം നീട്ടിയത് എന്ന് ഇവർ ആരോപിക്കുന്നു. ഒക്ടോബർ ഏഴ് ആക്രമണത്തിലെ ബന്ദികളാക്കപ്പെട്ടവരുടെ മോചനം വൈകിപ്പിച്ചതും നെതന്യാഹു തന്നെയാണ് എന്നും ആരോപണമുണ്ട്.
രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുകയും ചെയ്തുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് പരമ്പരാഗത തീവ്ര ജൂതന്മാരെ ഒഴിവാക്കുന്നതിന് നെതന്യാഹു കൂട്ടുനിൽക്കുന്നു എന്ന ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്.
രാജ്യസുരക്ഷയിൽ പരിചയസമ്പത്തുള്ള, കഴിവുറ്റ നേതാവ് എന്നതാണ് ഐസൻകോട്ടിൽ അനുയായികൾ കാണുന്ന ഗുണം. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ ചോർന്നുപോകുന്നത് തടയാൻ ഐസൻകോട്ടിന് കഴിയുമെന്നാണ് അദ്ദേഹത്തോടൊപ്പം സർക്കാർ രൂപീകരിക്കാൻ സാധ്യത കൽപ്പിക്കുന്ന പാർട്ടികൾ കരുതുന്നത്. ഗാസയിലെ ഏറ്റുമുട്ടലിൽ മകനേയും രണ്ട് സഹോദര പുത്രന്മാരേയും നഷ്ടപ്പെട്ടയാളാണ് ഐസൻകോട്ട്. യുദ്ധത്തിന്റെ വേദന നേരിട്ട് അനുഭവിച്ച വ്യക്തി എന്ന നിലയിൽ ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രയേലിന്റെയാകെ വേദന കാണാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വിശ്വാസം.
അന്താരാഷ്ട്ര തലത്തിലുള്ള ഇസ്രായേലിന്റെ ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് ഐസൻകോട്ടിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. തീവ്രനിലപാടുള്ള പരമ്പരാഗത ജൂതന്മാരെ നിർബന്ധിത സൈനിക സേവനത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുമെന്നും ഐസൻകോട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇസ്രയേലിലെ തിരഞ്ഞെടുപ്പ്
ഇന്ത്യയിലേത് പോലെ പാർലമെന്ററി ജനാധിപത്യ സംവിധാനമാണ് ഇസ്രയേലിലുള്ളതെങ്കിലും പല തരത്തിലും അത് വ്യത്യസ്തമാണ്. വോട്ടർമാർ നേരിട്ട് പ്രധാനമന്ത്രിയെ അല്ല തിരഞ്ഞെടുക്കുക, മറിച്ച് നിയമനിർമാണ സഭയെയാണ്. അതേസമയം ഇന്ത്യയിൽ നിന്ന് വ്യത്യസ്മായി ആനുപാതിക പ്രാതിനിധ്യ സംവിധാനമാണ് അവിടെയുള്ളത്. അതായത്, ലഭിക്കുന്ന വോട്ടിന്റെ എണ്ണത്തിന് ആനുപാതികമായാണ് ഓരോ പാർട്ടിക്കും പാർലമെന്റിൽ സീറ്റുകൾ കിട്ടുക. വോട്ടർമാർ സ്ഥാനാർഥികൾക്കല്ല, പകരം പാർട്ടികൾക്കാണ് വോട്ട് ചെയ്യുക. ലഭിക്കുന്ന വോട്ടിനനുസരിച്ച് നെസറ്റിലെ (പാർലമെന്റ്) 120 സീറ്റുകൾ പാർട്ടികൾക്ക് വിഭജിച്ച് നൽകും.
ഇന്ത്യയിലേത് പോലെ മണ്ഡലങ്ങൾ തിരിച്ചല്ല ഇസ്രയേലിലെ തിരഞ്ഞെടുപ്പ്. മറിച്ച് രാജ്യം മുഴുവൻ ഒറ്റ മണ്ഡലമായാണ് വോട്ടെടുപ്പ്. ചുരുക്കി പറഞ്ഞാൽ സ്വന്തം പ്രദേശത്തിന്റെ പ്രതിനിധിയെ വോട്ടർക്ക് നേരിട്ട് തിരഞ്ഞെടുക്കാനാകില്ല. നെസറ്റിൽ സീറ്റ് കിട്ടണമെങ്കിൽ ഒരു പാർട്ടിക്ക് കുറഞ്ഞത് 3.25 ശതമാനം വോട്ടെങ്കിലും വേണം. നാല് സീറ്റുകൾ നേടുന്നതിന് ആവശ്യമായ വോട്ടാണ് ഇത്. അതായത്, യോഗ്യരായ എല്ലാ പാർട്ടിക്കും നെസറ്റിൽ കുറഞ്ഞത് നാല് സീറ്റ് ഉണ്ടായിരിക്കും.
ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനായി 12000-ത്തിലേറെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലായി 18000-ത്തോളം ബാലറ്റ് പെട്ടികളാണ് ഇസ്രയേലിൽ സജ്ജമാക്കിയിരിക്കുന്നത്. ഒരുലക്ഷത്തോളം പേരാണ് തിരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിക്കുക. രാവിലെ ഏഴ് മണി മുതൽ പോളിങ് ആരംഭിക്കും. രാത്രി പത്ത് മണി വരെ വോട്ടർമാർക്ക് തങ്ങളുടെ പോളിങ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാം. സൈനികർ, ആശുപത്രികളിലുള്ള രോഗികൾ, തടവുകാർ, മറ്റുചില വിഭാഗങ്ങൾ എന്നിവയ്ക്കായി പ്രത്യേക ക്രമീകരണമുണ്ട്.
കടലാസ് ബാലറ്റാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. രഹസ്യമായാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യാനായി ഒരുക്കിയ ഇടത്ത് ട്രേയിൽ എല്ലാ പാർട്ടികളുടേയും കടലാസ് സ്ലിപ്പുകൾ നിരത്തിവെച്ചിട്ടുണ്ടാകും. പാർട്ടിയുടെ മുഴുവൻ പേര്, തിരിച്ചറിയൽ ചിഹ്നം, നാല് ഹീബ്രു അക്ഷരങ്ങളുള്ള കോഡ് എന്നിവയാണ് സ്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാകുക. വോട്ടർക്ക് ഇഷ്ടമുള്ള സ്ലിപ്പെടുത്ത് സമീപമുള്ള കവറിൽ ഇട്ട് ആ കവർ ബാലറ്റ് പെട്ടിയിൽ നിക്ഷേപിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. കവറിൽ രണ്ട് സ്ലിപ്പ് ഇട്ടാൽ വോട്ട് അസാധുവാകും.
18 വയസ് തികഞ്ഞ പൗരന്മാർക്കാണ് വോട്ട് ചെയ്യാൻ അവകാശം. ഔദ്യോഗിക കണക്കനുസരിച്ച് 73 ലക്ഷം വോട്ടർമാരാണ് ഇസ്രായേലിലുള്ളത്. ഇതിൽ എട്ട് ലക്ഷത്തിലേറെ പേർ വിദേശത്താണ്. നയതന്ത്രജ്ഞർ, സൈനികർ പോലുള്ള ഔദ്യോഗിക ചുമതല നിർവഹിക്കുന്നവർക്ക് മാത്രമാണ് വിദേശത്തുനിന്ന് വോട്ട് ചെയ്യാനാകുക. ബാക്കി എല്ലാവരും വോട്ട് ചെയ്യാനായി ഇസ്രായേലിലേക്ക് വരണം.
രാത്രി പത്ത് മണിക്ക് പോളിങ് അവസാനിച്ചാൽ മാധ്യമങ്ങൾ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും. ഇതിൽ നിന്ന് തന്നെ ചിത്രം വ്യക്തമാകും. ബാലറ്റ് പെട്ടികൾ സാധാരണയായി പോളിങ് സ്‌റ്റേഷനിൽ വെച്ച് തന്നെയാണ് എണ്ണുക. ശേഷം അവ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൈമാറും. കടുത്ത മത്സരമാണ് നടന്നതെങ്കിൽ വോട്ടെണ്ണലിന് കൂടുതൽ സമയമെടുക്കും. നവംബർ നാലിനാണ് ഓദ്യോഗികമായി ഫലം പ്രഖ്യാപിക്കുക. നവംബർ 18 വരെ പാർട്ടികൾക്ക് ഫലത്തിനെതിരെ അപ്പീൽ നൽകാനും അവസരമുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് ഫലം വന്നാൽ പ്രസിഡന്റ് വിജയിച്ച പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സർക്കാർ രൂപീകരിക്കാൻ ഏറ്റവും സാധ്യതയുണ്ടെന്ന് പ്രസിഡന്റ് കരുതുന്ന അംഗത്തെ അതിനായി ക്ഷണിക്കും. അങ്ങനെ ക്ഷണിക്കപ്പെടുന്നയാൾ ഏറ്റവും വലിയ കക്ഷിയുടെ നേതാവാകണമെന്നില്ല. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. അതിനാൽ തന്നെ പലപ്പോഴും സഖ്യമായാണ് സർക്കാരുകൾ രൂപീകരിക്കുക. ഇന്നുവരെ ഒരു പാർട്ടിക്കും നെസറ്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ചെറുപാർട്ടികൾക്ക് പോലും വലിയ സ്വാധീനമാണ് സർക്കാർ രൂപീകരണത്തിലുണ്ടാകുക.
Content Highlights: Israel goes to the polls in a high-stakes general election that will decide the political future of Prime Minister Benjamin Netanyahu and test public sentiment amid ongoing regional conflicts and sharp domestic divisions.
Published: 27 Oct 2026, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented