വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് രംഗത്ത്. 1993 നവംബറിൽ ട്രംപ് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് മുൻപ് ആരോപിച്ചിരുന്ന മോഡലാണ് ആ സംഭവത്തിനിടെ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. യു.എസ്. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ പുറത്തുവിട്ട 53 പേജുള്ള റിപ്പോർട്ടിലാണ് ട്രംപിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തുകയും ചൂഷണംചെയ്യുകയും ചെയ്ത കേസിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചും ഈ റിപ്പോർട്ടിലുണ്ട്. ട്രംപും എപ്സ്റ്റീനുമൊത്ത് സമയം ചെലവഴിച്ചശേഷം അറ്റ്ലാന്റിക് സിറ്റിയിലുള്ള ട്രംപിന്റെ ‘പ്ലാസ ഹോട്ടൽ’ മുറിയിൽവെച്ചാണ് ഈ അക്രമം നടന്നതെന്ന് ഡെമോക്രാറ്റുകളുമായുള്ള അഭിമുഖത്തിൽ മോഡൽ വ്യക്തമാക്കി.
24-ാം വയസ്സിൽ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽവെച്ച് നടന്ന ഒരു സൗന്ദര്യമത്സര ചടങ്ങിലാണ് ട്രംപിനെ ആദ്യമായി കാണുന്നതെന്നാണ് മോഡൽ പറയുന്നത്. ആ സമയത്ത് ആ ഹോട്ടലിന്റെ ഉടമസ്ഥൻ ട്രംപായിരുന്നു. അമേരിക്കൻ വിസ ശരിയാക്കിത്തരാമെന്നും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ഉറപ്പാക്കാമെന്നും ട്രംപ് തനിക്ക് വാഗ്ദാനം നൽകിയിരുന്നതായും മോഡൽ പറയുന്നു. ‘ഞാൻ നിന്നെ നോക്കിക്കൊള്ളാം’ എന്ന് ട്രംപ് പറഞ്ഞതായും മോഡൽ ആരോപിക്കുന്നു.
തുടർന്ന് എപ്സ്റ്റീൻ അടുത്തെത്തുകയും താൻ ‘ഡോണിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്’ പരിചയപ്പെടുത്തുകയും ചെയ്തു. മാർ-എ-ലാഗോയിലെ പാർട്ടിയിലേക്ക് ക്ഷണിച്ചു. അതിനുശേഷം, പ്ലാസ ഹോട്ടലിലെ മുകളിലത്തെ നിലയിൽ ട്രംപിനെ കാണാൻ അദ്ദേഹത്തിന്റെ പ്രതിനിധി ക്ഷണിക്കുകയായിരുന്നു.
എന്നാൽ, മുറിയിൽ പ്രവേശിച്ചയുടൻ ട്രംപ് പിന്നിൽനിന്ന് വന്ന് തന്നെ ബലമായി പിടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മോഡലിന്റെ ആരോപണം. ഇതിനിടയിൽ തന്റെ വസ്ത്രം കീറുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകൾ സംഭവിക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തതായി അവർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
അക്രമത്തിനുശേഷം ട്രംപ് തന്നെ കട്ടിലിന്റെ അരികിൽ ഇരുത്തുകയും വിസയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രവേശനവും ശരിയാക്കാമെന്ന വാഗ്ദാനം ആവർത്തിക്കുകയും ചെയ്തു. കൂടാതെ, ‘ദി ഷോ മസ്റ്റ് ഗോ ഓൺ’ എന്ന് പറഞ്ഞ് സംഭവം പുറത്തുപറയില്ലെന്ന് തന്നോട് സത്യം ചെയ്യിച്ചതായും അവർ വെളിപ്പെടുത്തി.
ഇതിനിടെ, റിപ്പോർട്ടിലെ ആരോപണങ്ങൾ പൂർണമായും തള്ളി വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപിന്റെ നേട്ടങ്ങൾ മൂലം റിപ്പബ്ലിക്കൻ പാർട്ടി നേടുന്ന ജനപ്രീതിയിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. എന്നാൽ, ട്രംപിനെതിരെയുള്ള മുൻ ആരോപണങ്ങൾക്ക് സമാനമാണ് ഈ വെളിപ്പെടുത്തലെന്നും എപ്സ്റ്റീനുമായുള്ള സൗഹൃദകാലത്ത് ട്രംപ് തുടർന്ന രീതിയാണിതെന്നും ഡെമോക്രാറ്റുകൾ ആരോപിച്ചു.
Published: 27 Oct 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented