
തെഹ്റാൻ: ഇറാൻ-യു.എസ്. സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ പാക് ശ്രമങ്ങൾക്ക് തിരിച്ചടി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാനിൽ എത്തിയ പാക് സൈനിക മേധാവിയോട് നിലപാട് ആവർത്തിച്ചു ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായി. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ യു.എസുമായി ചർച്ചയ്ക്ക് ഇല്ലെന്നും തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഗ്രാം പോലും രാജ്യത്തിന് പുറത്തേക്ക് മാറ്റില്ലെന്നും ഇറാൻ അറിയിച്ചു.
‘ഒരു ഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം പോലും ഇറാന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ പൂർണമായി പാലിച്ചുകൊണ്ട് വിശ്വാസ്യത കെട്ടിപ്പടുക്കാൻ അമേരിക്ക തയ്യാറാകാതെ ഇനി യാതൊരു ചർച്ചയുമില്ല.’- മൊഹ്‌സെൻ റെസായി എക്സിൽ അറിയിച്ചു.
യു.എസും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്കായി വഴിയൊരുക്കുന്നതിനുമായി മധ്യസ്ഥശ്രമങ്ങളുമായി പാക് സൈനിക മേധാവി അസിം മുനീർ ടെഹ്റാനിൽ എത്തിയിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് തുടങ്ങിയവരുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഇക്കാര്യം അസിം മുനീറിനോടും പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഇറാൻ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾ പൂർണമായി അംഗീകരിച്ചാൽ മാത്രമേ യു.എസുമായുള്ള ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്ന് സ്പീക്കർ ഖാലിബാഫ് വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കുക, എണ്ണക്കയറ്റുമതിക്ക് മേലുള്ള വിലക്കുകൾ നീക്കുക, മേഖലയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടിരുന്നു. ഇറാൻ 60 ശതമാനംവരെ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് അണുവായുധ നിർമാണത്തിനാണെന്നാണ് യു.എസ്. അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാന്റെ നിലപാട്.
പാകിസ്താന്റെ മധ്യസ്ഥതയിൽ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക സമാധാന കരാറിലെത്തിയിരുന്നെങ്കിലും ആഴ്ചകൾക്കുള്ളിൽ ഇരുപക്ഷവും തമ്മിൽ വീണ്ടും സംഘർഷം ആരംഭിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ യു.എസ്. - ഇറാൻ ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
Content Highlights: Iran refuses to hold talks with the US until all its demands are met., Iran will not export a single gram of enriched uranium out of the country., Pakistani Army Chief Asim Munir's mediation efforts in Tehran faced a setback., Iran insists on the lifting of sanctions and US concessions before any dialogue.
Published: 21 Oct 2026, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented