ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ്. ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം 44.9 ശതമാനം വോട്ടർമാർ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന വിധിയെഴുത്തിൽ പോളിങ് കുതിച്ചുയർന്നതോടെ, തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ അട്ടിമറി ആരോപണം ഉന്നയിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി നീക്കം തുടങ്ങി.

To advertise here,

തോൽവി മുന്നിൽക്കണ്ട് വോട്ടെടുപ്പ് തടസ്സപ്പെടുത്താനും വ്യാപക ക്രമക്കേട് ആരോപിക്കാനും ലിക്വിഡ് നേതൃത്വം പദ്ധതിയിട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറബ് മേഖലകളിലെ ബൂത്തുകളിൽ കൃത്രിമം നടന്നെന്ന് വരുത്തിത്തീർക്കാനാണ് പ്രധാന നീക്കം. ബുർഖയും മുഖാവരണവും ധരിച്ചെത്തുന്ന അറബ് വനിതകളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തടയുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ ലിക്വിഡ് ആസൂത്രണം ചെയ്തതായി 'ഹാരെറ്റ്സ്' റിപ്പോർട്ട് ചെയ്തു.

മുഖാവരണം മാറ്റിവെച്ച് പരിശോധിക്കണമെന്ന വാദമുയർത്തി അറബ് ബൂത്തുകളിൽ മനഃപൂർവം കാലതാമസം സൃഷ്ടിക്കാനായി പാർട്ടി വോളന്റിയർമാരെ രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിൽ അട്ടിമറി നടക്കാൻ സാധ്യതയില്ലെന്നും സുരക്ഷാസംവിധാനങ്ങൾ പൂർണമാണെന്നും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഡയറക്ടർ ജനറൽ ഡീൻ ലിവ്‌നെ വ്യക്തമാക്കി.

വോട്ടർമാർ കൂട്ടത്തോടെ എത്തിയതോടെ പരിഭ്രാന്തനായ പ്രധാനമന്ത്രി നെതന്യാഹു കടുത്ത പ്രചാരണവുമായാണ് രംഗത്തെത്തിയത്. ഇടതുപക്ഷവും അറബ് പാർട്ടികളും ചേർന്ന് 'തിരഞ്ഞെടുപ്പ് മോഷ്ടിക്കാൻ' ശ്രമിക്കുകയാണെന്ന് ആരോപിച്ച് നെതന്യാഹു വോട്ടർമാർക്ക് റെക്കോഡ് ചെയ്ത ശബ്ദസന്ദേശം അയച്ചു. ഒക്ടോബർ ഏഴിലെ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട നെതന്യാഹുവിനെതിരായ ജനവികാരമാണ് ഉയർന്ന പോളിങ്ങിൽ പ്രതിഫലിക്കുന്നത്.

വോട്ടെടുപ്പിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങളും പരാതികളും റിപ്പോർട്ട് ചെയ്തു. ടെൽ അവീവിൽ ഡെമോക്രാറ്റ്സ് പാർട്ടി നേതാവ് യെയർ ഗോലന് നേരെ കത്തിയുമായി ഒരാൾ ആക്രമണത്തിന് മുതിർന്നത് വൻ സുരക്ഷാ ആശങ്ക സൃഷ്ടിച്ചു. അക്രമിയെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തു. വടക്കൻ ഇസ്രയേലിലെ തിബീരിയസിൽ പാർട്ടിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും പ്രവർത്തകരെ അക്രമിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

അറബ് മേഖലകളിലെ വോട്ടിങ് തടസ്സപ്പെടുത്താൻ ആസൂത്രിതമായ ശ്രമം നടക്കുന്നെന്ന് അറബ് ന്യൂനപക്ഷ അവകാശ സംഘടനയായ 'അദാല' ആരോപിച്ചു. യുണൈറ്റഡ് അറബ് ലിസ്റ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ബാലറ്റുകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തതായി മൻസൂർ അബ്ബാസ് പരാതി നൽകി. വോട്ടർമാരെ സ്വാധീനിക്കാനും ബൂത്തുകളിൽ തടസ്സം സൃഷ്ടിക്കാനും നിരോധിത ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയുമായി നഫ്താലി ബെന്നറ്റിന്റെ 'ടുഗെദർ' പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷ സഖ്യവും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. രാത്രി പത്ത് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമെങ്കിലും സങ്കീർണമായ സഖ്യസാധ്യതകൾ നിലനിൽക്കുന്നതിനാൽ പുതിയ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരാനാണ് സാധ്യത.