വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ ഇറാനിലും സൈനികമായി ഇടപെടാൻ യുഎസ് തയ്യാറെടുക്കുന്നുവെന്ന് അഭ്യൂഹം. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമായ സി-5, സി-17 എന്നീ വിമാനങ്ങളും യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കർ വിമാനങ്ങളും മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുഎസിൽനിന്ന് യുകെയിലെ വ്യോമതാവളത്തിലേക്കാണ് ഇവ പുറപ്പെട്ടത്.
ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ്, മൈൽഡൻഹാൾ, ലേക്കൻഹീത്ത് എന്നീ വ്യോമതാവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടേക്ക് വലിയ തോതിൽ ഇത്തരം വിമാനങ്ങൾ എത്തുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലേയും മധ്യേഷ്യയിലെയും യുഎസ് സൈനിക നീക്കങ്ങൾക്ക് ഉപയോഗിക്കുന്ന വ്യോമതാവളാണ് ഇവ.
സി-5, സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ സൈനികർക്ക് പുറമെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ കൊണ്ടുപോകാനായി ഉപയോഗിക്കുന്നവയാണ്. സൈനികർ, കനത്ത കവചിത വാഹനങ്ങൾ, ചിനൂക്ക് (Chinook), ബ്ലാക്ക് ഹോക്ക് തുടങ്ങിയ ഹെലികോപ്റ്ററുകൾ എന്നിവ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വലിയ തോതിലുള്ള സൈനിക നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിലൊരു നീക്കം നടന്നതായി യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, വിമാനങ്ങൾ വ്യോമതാവളങ്ങളിൽനിന്ന് പുറപ്പെട്ടുവെന്ന തരത്തിലുള്ള വീഡിയോകളും വിവരങ്ങളും ‘എക്‌സി’ൽ പ്രചരിക്കുന്നുണ്ട്. സൈനിക നിരീക്ഷകരുടെ അഭിപ്രായത്തിൽ, ഈ വിന്യാസത്തിന്റെ വേഗതയും അളവും പരിശോധിക്കുമ്പോൾ ഇത് സാധാരണ പരിശീലനമല്ലെന്നും മറിച്ച്, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതൽ പദ്ധതികളുടെ ഭാഗമായാണെന്നുമാണ് വിലയിരുത്തൽ
യുകെയിലെത്തിയ വിമാനങ്ങളിൽ പലതും അമേരിക്കയുടെ 160-ാമത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റുമായി (Night Stalkers) ബന്ധപ്പെട്ടവയാണെന്നത് അതീവപ്രാധാന്യം അർഹിക്കുന്നു. രാത്രികാലങ്ങളിൽ രഹസ്യമായി ശത്രുമേഖലകളിൽ സൈനികരെ എത്തിക്കുന്നതിൽ വൈദഗ്ധ്യമുള്ള വിഭാഗമാണിത്. ഇതിനുപുറമെ, കനത്ത ആയുധശേഷിയുള്ള എ.സി -13ജെ ഗോസ്റ്റ്‌റൈഡർ (Ghostrider) വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇവ കരസേനയ്ക്ക് വ്യോമസഹായം നൽകാനും ശത്രുലക്ഷ്യങ്ങളെ തകർക്കാനും ശേഷിയുള്ളവയാണ്. മധ്യേഷ്യയിലെ യുഎസ് സൈനിക താവളത്തിലേക്ക് പെട്ടെന്ന് എത്തുന്നതിന് വേണ്ടിയാണ് ഇവയെല്ലാമെന്നും റിപ്പോർട്ടുകളുണ്ട്.
മധ്യേഷ്യയിലേക്ക് ഇത്രയധികം വലിയൊരു സേനാനീക്കത്തിന്റെ ആവശ്യകത നിലവില്ല. അതിനാൽ ഇത് ലക്ഷ്യമിടുന്നത് ഇറാനെയാണെന്നാണ് അഭ്യൂഹം. കഴിഞ്ഞദിവസം യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിർത്തി കടന്ന് നിരീക്ഷണം നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ഫ്‌ലൈറ്റ് റഡാർ വിവരങ്ങൾ പി-8 ന്റെ സാന്നിധ്യം ഇറാൻ വ്യോമാതിർത്തിയിൽ സ്ഥിരീകരിക്കുന്നുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. നൂറിലേറെ നഗരങ്ങളിലാണ് പരമോന്നത നേതാവായ ആയത്തുള്ള ഖമനേയിക്കെതിരെ പ്രക്ഷോഭം നടക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ ഇറാനിൽ സൈനിക ഇടപെടലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ മുന്നറിയിപ്പും ഇപ്പോഴത്തെ സൈനിക നീക്കവും തമ്മിൽ കൂട്ടിവായിച്ചാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. ഇറാന്റെ ദേശീയ കറൻസിയായ റിയാലിന്റെ മൂല്യം കൂപ്പുകുത്തിയതും ഇതിനൊപ്പം അസഹനീയമായ തലത്തിലേക്ക് വിലക്കയറ്റം കൈവിട്ടുയർന്നതിനും പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Content Highlights: US military aircraft, including heavy transports and tankers, deployed to UK airbases en route to Middle East. Speculation mounts over Iran involvement amid protests.
Published: 08 Jan 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented