
വാഷിങ്ടൺ: അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ ഏതെങ്കിലും രാജ്യം സഹായിച്ചാൽ അവർക്കെതിരെയും കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാനെതിരെ ഉപരോധ മുന്നറിയിപ്പുമായി റൂബിയോ രംഗത്തെത്തിയത്. ഒരു റേഡിയോ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിഷ്‌ടെക്കിൽ നടന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ ഭാഗമായാണ് മോദിയും പെസെഷ്‌കിയാനും കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാറിലേക്ക് നീങ്ങുകയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കരാർ സാധ്യതകളെ റൂബിയോ തള്ളിക്കളഞ്ഞു. ലോക രാജ്യങ്ങൾക്ക് സ്വന്തമായ വിദേശനയങ്ങൾ ഉണ്ടാകാം. ഇതുപ്രകാരം വിദേശരാഷ്ട്രങ്ങളുമായി ചർച്ച നടത്തുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. യു.എസ് പ്രതിനിധികൾ പോലും ഇറാന്റെ പ്രതിനിധികളുമായി മുൻപ് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതോടൊപ്പമാണ് അമേരിക്ക ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങളെ മറികടക്കാൻ ആരും സഹായിക്കരുതെന്ന ട്രംപിന്റെ നിലപാട് റൂബിയോ ആവർത്തിച്ചത്. ഭീകരവാദ പ്രവർത്തനങ്ങൾക്കും ആണവായുധ നിർമാണത്തിനുമായി ഇറാൻ വരുമാനം ഉണ്ടാക്കുന്നതിനെ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങൾ യു.എസ് ഉപരോധം നേരിടേണ്ടി വരും. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഇറാനെ ഒരു തരത്തിലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഇറാനെ സാമ്പത്തിക ഉപരോധങ്ങളിലൂടെയാണ് അമേരിക്ക പ്രധാനമായും സമ്മർദ്ദത്തിലാക്കുന്നത്. എന്നാൽ,ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്നും റൂബിയോ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതിനിടെയാണ് റൂബിയോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം രാത്രി ഇറാനിലെ ചില ലക്ഷ്യങ്ങൾക്ക് നേരെ യു.എസ് സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. ആവശ്യമുണ്ടെങ്കിൽ ഇനിയും ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യു.എസിന്റെയും ഇസ്രായേലിന്റെയും സാമ്പത്തിക ഉപരോധങ്ങളെയും സൈനിക നീക്കങ്ങളെയും തകർക്കുന്ന പുതിയ തന്ത്രങ്ങൾ പ്രാവർത്തികമാക്കുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി മൊഹ്സെൻ റെസായിയും പ്രതികരിച്ചിട്ടുണ്ട്.
Content Highlights: Marco Rubio warns countries against aiding Iran in bypassing U.S. sanctions, following Modi and Peseshkian's meeting at the Shanghai Cooperation Summit.
Published: 03 Sept 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented