പട്ടായ: തീരംതൊടാതെ 250 ദിവസത്തിലേറെ കടലിൽക്കഴിയേണ്ടിവന്ന യു.എസ്. വിമാനവാഹിനിക്കപ്പൽ എബ്രഹാം ലിങ്കൺ തായ്‍ലാൻഡിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പട്ടായയിൽ വിശ്രമത്തിനെത്തുന്നു. ഈ ആഴ്ച ചോൻബുരി പ്രവിശ്യയിലെ തുറമുഖത്ത് കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം.

To advertise here,

കപ്പലിലെ അയ്യായിരത്തോളംവരുന്ന അമേരിക്കൻ നാവികരും മറീനുകളും വിശ്രമത്തിനായി പട്ടായയിലെത്തുമെന്ന് തായ് അധികൃതർ അറിയിച്ചു. യു.എസിലേക്കുള്ള മടക്കയാത്രയിൽ കപ്പലിലെ സൈനികർക്ക് മാനസികോല്ലാസം നൽകുന്നതിനായിട്ടാണ് പട്ടായ ട്രിപ്പ് ഒരുക്കിയത്.

ഇറാനെതിരേയുള്ള യുദ്ധത്തിനായി ജനുവരി ആദ്യമാണ് ലിങ്കണെ പശ്ചിമേഷ്യയിൽ വിന്യസിച്ചത്. ദീർഘകാലവിന്യാസം കപ്പലിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കുകയും നാവികരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തിരുന്നു. ചില നാവികർ കടലിൽച്ചാടി ആത്മഹത്യക്കുശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം ആശങ്കകൾ ശക്തമായതോടെയാണ് ലിങ്കണെ മേഖലയിൽനിന്ന് പിൻവലിച്ചത്. പകരം യു.എസ്.എസ്. ജോർജ് വാഷിങ്ടണെയാണ് പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.

യു.എസ്. സൈനികരുടെ വരവുമായി ബന്ധപ്പെട്ട് പട്ടായയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പട്ടായ ബീച്ചിലും നൈറ്റ് ലൈഫ് മേഖലകളിലും കൂടുതൽ പോലീസ് സാന്നിധ്യമുണ്ടാകും.

പാരാസെയിലിങ് ഉൾപ്പെടെയുള്ള ചില വിനോദപ്രവർത്തനങ്ങളിലും കഞ്ചാവ് ഉപയോഗത്തിലും സൈനികർക്ക് നിയന്ത്രണമുണ്ടാകുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.