വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിന്റെ പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച യുഎസ് ആക്രമണങ്ങളിൽ ഏറ്റവും കടുത്തതായിരിക്കും എന്ന് യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇറാൻ ഏറ്റവും കുറഞ്ഞ എണ്ണം മിസൈലുകളാണ് പ്രയോഗിച്ചതെന്നും ഇറാനെ പൂർണമായി പരാജയപ്പെടുത്തുന്നത് വരെ യുഎസ് പിന്തിരിയില്ലെന്നും പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹെഗ്സെത്ത് പറഞ്ഞു. യുഎസ് സൈന്യം ഇറാനെതിരായ പ്രവർത്തനങ്ങളുടെ പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പറഞ്ഞു.
ഇറാന്റെ സൈനികശേഷി ദുർബലപ്പെടുത്തുന്നതിൽ യുഎസ് സൈനികർ വിജയിച്ചതായി ഹെഗ്സെത്ത് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാൻ ഏറ്റവും കുറഞ്ഞ എണ്ണം മിസൈലുകളാണ് തൊടുത്തതെന്നും അമേരിക്കൻ സൈന്യം ഇറാനെ ദുർബലപ്പെടുത്തുന്നതിൽ വിജയിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് നിർണ്ണായക വിജയത്തിന്റെ വക്കിലാണെന്നും ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങൾ ഉടനെ പൂർത്തിയാകുമെന്നും ഹെഗ്സെത്ത് പറഞ്ഞു.
ഈ യുദ്ധത്തിൽ യുഎസ് സൈന്യം ഇറാനെ ദുർബലമാക്കിയെന്നും അതിന്റെ ഫലമായി ഇറാനിയൻ അധികാരികൾ നിസ്സഹായരായ നിരപരാധികളുടെ ജീവൻ ലക്ഷ്യമിടുകയാണെന്നും ഹെഗ്സെത്ത് പറഞ്ഞു. ആശുപത്രികളും സ്കൂളുകളും മിസൈലുകൾ തൊടുക്കാനും സാധാരണക്കാരുടെ ജീവൻ ലക്ഷ്യമിടാനും ഇറാൻ ഉപയോഗിക്കുന്നതായി ഹെഗ്സെത്ത് ആരോപിച്ചു. ഇറാൻ നാവികസേന, ആണവ സംവിധാനങ്ങൾ, മിസൈൽ ശേഖരങ്ങൾ, ലോഞ്ചറുകൾ, ഇറാനിയൻ പ്രതിരോധത്തിന്റെ വ്യാവസായിക അടിത്തറ എന്നിവയുടെ നാശം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ നിറവേറ്റാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ ആണവായുധങ്ങൾ എന്നെന്നേക്കുമായി നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ജനതയെ ഏകാധിപത്യത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ, തിങ്കളാഴ്ച (മാർച്ച് 9), യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അധികനാൾ തുടരില്ലെന്ന സൂചനകൾ നൽകിയിരുന്നു. ഇതിനകം തന്നെ അസ്ഥിരമായ ആഗോള സാമ്പത്തിക രംഗത്തും, ഇന്ധന വിപണിയിലും വലിയ ചാഞ്ചാട്ടങ്ങൾക്ക് ട്രംപിന്റെ സൂചനകൾ കാരണമായി.
ഇറാൻ വെടിനിർത്തലിന് ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പാർലമെന്റ്സ്പീക്കർ മുഹമ്മദ് ബാഗർ ഖലിബഫ് നിഷേധിച്ചു. ഹോർമുസ് കടലിടുക്ക് വഴി എണ്ണ നീക്കം തടഞ്ഞാൽ ഇറാനെ ഇരുപത് മടങ്ങ് ശക്തമായി ആക്രമിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായി ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ട്രംപിനെ ഭീഷണിപ്പെടുത്തിയിരുന്നു.
Content Highlights: Pentagon declares significant progress in weakening Iran's military capabilities., US commitment to neutralizing Iran's nuclear and missile infrastructure., Hegseth accuses Iran of using civilian infrastructure for military purposes., Contradicting statements from Trump and Netanyahu regarding war duration., Ongoing tensions over the Hormuz Strait and oil market volatility.
Published: 10 Mar 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented