
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾക്കിടെ, മിഡിൽ ഈസ്റ്റിലേക്ക് 9,000 സൈനികരെക്കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചു. യുദ്ധക്കപ്പലുകളിലായി പുറപ്പെടുന്ന ഈ പുതിയ സംഘത്തിൽ 7,000 നാവികരും 2,000 മറീനുകളുമാണുള്ളത്. ഈ പുതിയ വിന്യാസത്തോടെ മേഖലയിലെ അമേരിക്കൻ നാവിക-സൈനിക സാന്നിധ്യം വീണ്ടും ഉയരും. 20,000-ത്തിലധികം സൈനികരും നൂറുകണക്കിന് യുദ്ധവിമാനങ്ങളുമാകും മേഖലയിൽ വിന്യസിക്കപ്പെടുക. യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്, യു.എസ്.എസ് മക്കിൻ ഐലൻഡ് ആംഫിബിയസ് റെഡിനെസ് ഗ്രൂപ്പ് എന്നിവയാണ് പുതിയതായി മധ്യേഷ്യയിലേക്ക് തിരിക്കുന്നത്.
ഈ സൈനിക വിന്യാസത്തിൽ യു.എസ്.എസ് ചോസിൻ ക്രൂയിസറും യു.എസ്.എസ് ജോൺ പി. മർത്ത, യു.എസ്.എസ് ആങ്കറേജ് ലാൻഡിംഗ് കപ്പലുകളുമുണ്ടാകും.
നിലവിൽ മേഖലയിലുള്ള യു.എസ്.എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, യു.എസ്.എസ് ജോർജ്ജ് വാഷിങ്ടൺ എന്നീ വിമാനവാഹിനിക്കപ്പലുകൾക്ക് പുറമെ തിയോഡോർ റൂസ്വെൽറ്റ് കൂടി എത്തുന്നതോടെ ഒക്ടോബർ അവസാനത്തോടെ ഒരേസമയം മൂന്ന് യു.എസ് വിമാന വാഹിനി കപ്പലുകൾ മേഖലയിൽ വിന്യസിക്കപ്പെടും. 2003-ന് ശേഷം ഇതാദ്യമായാണ് ഈ രീതിയിൽ വൻ വിന്യാസം ഉണ്ടാകുന്നത്.
വരാനിരിക്കുന്ന യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാന് മേലുള്ള ആക്രമണം വർദ്ധിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ട്രംപ് ടൈം മാഗസിന് നൽകിയ അഭിമുഖത്തിലും സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ സമർപ്പിച്ച വെടിനിർത്തൽ നിർദ്ദേശം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക തള്ളിയിരുന്നു.
ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബായ് വിമാനത്തിലെ കോ-പൈലറ്റ്, ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇറാൻ പങ്കുണ്ടോ എന്ന് അമേരിക്ക അന്വേഷിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഫ്‌ളൈദുബായ് സംഭവത്തിൽ ഇറാന്റെ പങ്ക് തെളിഞ്ഞാൽ അതിശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസിൽ വെച്ച് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
Content Highlights: U.S. plans to deploy 9,000 troops to the Middle East, increasing military presence amid rising tensions with Iran and potential conflict warnings.
Published: 02 Oct 2026, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented