വാഷിങ്ടൺ: റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ മാസം ഒപ്പുവെച്ച ബിൽ പ്രകാരം പ്രാബല്യത്തിൽ വരേണ്ടിയിരുന്ന കർശന നിയന്ത്രണങ്ങളാണ് നടപ്പിലാകുന്നതിന് തൊട്ടുതലേന്ന് ട്രംപ് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് യുഎസ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കി.
ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഗ്രഹാം ആക്ടിലെ വ്യവസ്ഥകളിൽ നിന്ന് താൽക്കാലികമായി ഇളവ് അനുവദിക്കുന്നതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച സാക്ഷ്യപത്രം യുഎസ് കോൺഗ്രസിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഉപരോധങ്ങൾ പൂർണ്ണമായി റദ്ദാക്കുന്നതിന് പകരം അവ നടപ്പിലാക്കുന്നത് നിർത്തിവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നതിനാൽ, ഭാവിയിൽ ആവശ്യമെങ്കിൽ ഇവ വീണ്ടും നടപ്പിലാക്കാൻ ട്രംപിന് സാധിക്കും.
റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന അഞ്ച് രാജ്യങ്ങളായ ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താനും റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതിക്ക് 500 ശതമാനം തീരുവ ചുമത്താനും ഈ നിയമം ട്രംപിന് അധികാരം നൽകിയിരുന്നു. ഒക്ടോബർ 18-ന് അവസാനിക്കാനിരുന്ന ഒരു മാസത്തെ സമയപരിധിക്ക് തൊട്ടുമുമ്പാണ് ട്രംപിന്റെ ഇളവ് പ്രഖ്യാപനം വന്നത്.
റഷ്യയുടെ യുദ്ധ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനും ബാങ്കുകളെയും ഊർജ്ജ മേഖലയെയും ലക്ഷ്യമിടുന്നതിനുമാണ് ഈ നിയമം കൊണ്ടുവന്നത്. 100 ശതമാനം പുതിയ തീരുവ ചുമത്തപ്പെട്ടിരുന്നെങ്കിൽ, നിലവിലുള്ള 10 ശതമാനം അധിക തീരുവയ്ക്ക് പുറമെ ഇന്ത്യയ്ക്ക് അത് വലിയ സാമ്പത്തിക ഭാരമാകുമായിരുന്നു. എന്നാൽ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ക്രൂഡ് ഓയിൽ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ ഉഭയകക്ഷി ബന്ധത്തിലും അന്താരാഷ്ട്ര ഊർജ്ജ വിപണിയിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഇന്ത്യ വ്യക്തമായി ബോധ്യപ്പെടുത്തിയിരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയെ പരസ്യമായി വിമർശിക്കുകയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനുമായി ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ നിർണായക നീക്കം. അമേരിക്കയിലേക്ക് അടിയന്തരമായി 3 ലക്ഷം ടണ്ണിലധികം റഷ്യൻ ഡീസൽ ഇറക്കുമതി ചെയ്യുന്നതിനായി പുതിനുമായി ട്രംപ് കഴിഞ്ഞ ആഴ്ച ഒരു കരാറിലെത്തിയിരുന്നു. യുഎസ്-റഷ്യ ഡീസൽ കരാറിനെ പങ്കാളികൾക്ക് ചേരാത്തതും ദുർബലവുമായ തീരുമാനമാണെന്ന് സെലെൻസ്കി രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ഇതിനുമറുപടിയായി റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാൻ കരാറിലെത്താൻ സാധിക്കാത്ത സെലെൻസ്കിയെ മാറ്റി യുക്രെയ്ൻ പുതിയൊരു നേതാവിനെ കണ്ടെത്തണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെടുകയാണ് ചെയ്തത്.
Published: 17 Oct 2026, 09:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented