റിയോ ഡി ജനൈറോ: ബ്രസീലിൽ ആഴ്ചയിലെ പരമാവധി ജോലിസമയം 40 മണിക്കൂറായി കുറയ്ക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം. മൂന്നുകോടി തൊഴിലാളികളെ ബാധിക്കുന്ന തീരുമാനം ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവയ്ക്ക് രാഷ്ട്രീയനേട്ടമാവുമെന്നാണ് വിലയിരുത്തൽ. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് നടപടി. മേയിൽ അധോസഭ പാസാക്കിയ നിർദേശത്തിനാണ് ഇപ്പോൾ സെനറ്റിന്റെയും അംഗീകാരം ലഭിച്ചത്.
ആദ്യഘട്ടത്തിൽ മുന്നിലെത്തിയ തീവ്രവലതുപക്ഷ നേതാവും സെനറ്ററുമായ ഫ്ളാവിയോ ബൊൾസൊനാരോയെ മറികടക്കാൻ ശ്രമിക്കുന്ന ലുല, തൊഴിൽസമയം കുറയ്ക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ചിരുന്നു. ചിലവിഭാഗം തൊഴിലാളികൾക്ക് ആഴ്ചയിലൊരു ദിവസം അധികം അവധി ലഭിക്കുന്നതിനും പുതിയ ഭേദഗതി വഴിയൊരുക്കും. പരിഷ്കാരത്തെ എതിർത്തിരുന്ന ബൊൾസൊനാരോ ചൊവ്വാഴ്ച നിലപാട് മാറ്റി. ബ്രസീലിലെ ഭൂരിഭാഗം തൊഴിലാളികളും മാറ്റത്തെ പിന്തുണയ്ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബുധനാഴ്ച സെനറ്റിൽ പരിഷ്കാരത്തെ അനുകൂലിച്ച് വോട്ടുചെയ്തവരിൽ ബൊൾസൊനാരോയുമുണ്ട്.
നിലവിൽ ആഴ്ചയിൽ ആറുദിവസം ജോലിചെയ്യുന്ന 16 ദശലക്ഷം തൊഴിലാളികളുടെ തൊഴിൽക്രമം അവസാനിപ്പിക്കാനും 44 മണിക്കൂറായിരുന്ന പരമാവധി തൊഴിൽസമയം ഘട്ടംഘട്ടമായി 40 മണിക്കൂറായി കുറയ്ക്കാനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്. റീട്ടെയിൽ വ്യാപാരം, റസ്റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്കായിരിക്കും ഇതിന്റെ പ്രധാന നേട്ടം. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്നവരാണ് ഈ മേഖലകളിൽ ഏറെയും.
ഭേദഗതി പാസായതിനെ ലുല സാമൂഹികമാധ്യമങ്ങളിലൂടെ സ്വാഗതംചെയ്തു. ആഴ്ചയിൽ ആറുദിവസം ജോലിയും ഒരുദിവസം അവധിയും എന്ന നിലവിലെ ക്രമം അവസാനിപ്പിക്കുന്നത് തൊഴിൽസമയം മാറ്റുന്നതിനപ്പുറമുള്ള കാര്യമാണെന്ന് അദ്ദേഹം കുറിച്ചു. ജീവിക്കാനും വിശ്രമിക്കാനും കുടുംബത്തോടൊപ്പം സമയംചെലവഴിക്കാനും കുട്ടികൾ വളരുന്നത് കാണാനും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള കൂടുതൽ അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും ലുല പ്രതികരിച്ചു.
'ജോലിക്കപ്പുറമുള്ള ജീവിത'മെന്ന പേരിൽ ടിക്ടോക്കിലൂടെ ആരംഭിച്ച പ്രസ്ഥാനമാണ് തൊഴിൽസമയം കുറയ്ക്കണമെന്ന ആവശ്യം ദേശീയതലത്തിൽ ശക്തമാക്കിയത്. ഒരു ഫാർമസി അസിസ്റ്റന്റ് ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ജനപിന്തുണ ലഭിച്ചതോടെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പിന്നീട് ലുലയും ഈ ആവശ്യത്തെ പിന്തുണയ്ക്കുകയായിരുന്നു.
Published: 16 Oct 2026, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented