യുദ്ധം വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് ട്രംപും നെതന്യാഹുവും ചര്ച്ച നടത്തിയെന്ന വാര്ത്ത വൈറ്റ്ഹൗസ് നിഷേധിച്ചു

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സംയുക്ത ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇരുവരും പരിഗണിച്ചതെന്ന് അമേരിക്കൻ, ഇസ്രയേൽ ഉദ്യോഗസ്ഥരെയും ചർച്ചകളെക്കുറിച്ച് അറിവുള്ളവരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുമ്പ്, കഴിഞ്ഞയാഴ്ചയായിരുന്നു ഈ ചർച്ചകൾ നടന്നത്. ഇറാനെതിരെ വ്യാപകമായ ആക്രമണമായിരുന്നില്ല ആലോചനയിലുണ്ടായിരുന്നത്. അതേസമയം യുദ്ധം വീണ്ടും തുടങ്ങുന്നതിനെക്കുറിച്ച് ട്രംപും നെതന്യാഹുവും ചർച്ച നടത്തിയെന്ന വാർത്ത വൈറ്റ്ഹൗസ് നിഷേധിച്ചു. റിപ്പോർട്ട് തെറ്റാണെന്ന് വ്യക്തമാക്കിയ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ, ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് നേരത്തേ പറഞ്ഞതാണെന്നും കൂട്ടിച്ചേർത്തു.
ട്രംപുമായും അമേരിക്കൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും നെതന്യാഹു പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ ചർച്ചകളുടെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, ട്രംപ് നിലപാട് മാറ്റിയാൽ ഉടൻ ആക്രമണം ആരംഭിക്കാനായി അമേരിക്കൻ, ഇസ്രയേൽ സൈന്യങ്ങൾ സജ്ജരായിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ആണവപദ്ധതിയുടെ നിർമാണവുമായി ഇറാൻ മുന്നോട്ടുപോകുകയാണെന്ന ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിൽ നെതന്യാഹു ആശങ്ക അറിയിച്ചതായി ഒരു ഇസ്രയേൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെയായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായി ഇറാൻ പിക്കാക്സ് മൗണ്ടൻ ഉപയോഗിച്ചേക്കാമെന്ന സാധ്യതയും ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന പല ചർച്ചകളിലും ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സംയുക്ത സൈനിക നീക്കത്തിന്റെ സാധ്യത ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് വിവരം. എന്നാൽ ആക്രമണം പുനരാരംഭിക്കുന്നതിൽ ട്രംപിന്റെ നിലപാട് മാറിമറിഞ്ഞതായി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. തുടക്കത്തിൽ ആക്രമണത്തിന് അനുകൂലമായിരുന്ന ട്രംപ് പിന്നീട് മടിച്ചുനിന്നെന്നാണ് ഒരു ഇസ്രയേൽ ഉദ്യോഗസ്ഥന്റെ പ്രതികരണം.
നെതന്യാഹുവിനോട് തയ്യാറെടുപ്പുകൾ നടത്താൻ ട്രംപ് പറഞ്ഞെങ്കിലും ആക്രമണത്തിന് അന്തിമ ഉറപ്പ് നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ആക്രമണം ഇപ്പോഴോ പിന്നീട് എപ്പോഴെങ്കിലുമോ, അല്ലെങ്കിൽ ഒരിക്കലും നടപ്പിലാകാതെയോ ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും യുദ്ധം ആരംഭിക്കുന്നത് ഇരുനേതാക്കൾക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 27-നാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ്. അതിന് ഒരാഴ്ചയ്ക്കുശേഷം അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പും നടക്കും. ഇറാനെതിരായ പുതിയ ആക്രമണം ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാര്യമായി സ്വാധീനിച്ചേക്കാം. ആക്രമണമുണ്ടായാൽ ഇറാൻ തിരിച്ചടിക്കുമെന്നും നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിടാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നത് ട്രംപിനും ആഭ്യന്തര രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. നിലവിലെ സംഘർഷത്തോട് അനുകൂലമായല്ല അമേരിക്കയിലെ ജനങ്ങൾ പ്രതികരിക്കുന്നത്. ഇനിയും ആക്രമണം നടത്തിയാൽ ഇന്ധനവില ഉയർത്തിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ വില ഉയരുന്നത് ഭരണകൂടത്തിന് രാഷ്ട്രീയ വെല്ലുവിളിയാകാം.
അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത് താനല്ല, ട്രംപാണെന്ന് നെതന്യാഹു അടുത്തിടെ ഇസ്രയേലിലെ സുരക്ഷാ, രഹസ്യാന്വേഷണ മേധാവികളോട് പറഞ്ഞതായി മറ്റൊരു ഇസ്രയേൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആക്രമണം നടത്തിയാൽ ഇസ്രയേൽ പങ്കുചേരുമോയെന്ന് ട്രംപ് ചോദിച്ചതായും ഉദ്യോഗസ്ഥൻ പറയുന്നു.
Content Highlights: US President Donald Trump and Israeli PM Benjamin Netanyahu discussed potential joint military strikes targeting Iran's nuclear and military sites ahead of upcoming elections, despite White House denials.
Published: 14 Oct 2026, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented