
ഇറാനെതിരായ സൈനികനടപടി പുനരാരംഭിക്കേണ്ടിവന്നാൽ ലോകത്തെ ഏറ്റവും വലിയ ആണവേതര ബോംബുകളിലൊന്നായ 'മദർ ഓഫ് ഓൾ ബോംബ്സ്' (എം.ഒ.എ.ബി.) അമേരിക്ക പ്രയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതടക്കമുള്ള ആക്രമണപദ്ധതികൾ അമേരിക്കൻ സൈന്യം തയ്യാറാക്കിയതായാണ് വിവരം. എന്താണ് 'മദർ ഓഫ് ഓൾ ബോംബ്സ്'? അതീവപ്രഹരശേഷിയുള്ള ഈ ബോംബിന് എങ്ങനെയാണ് ഈ പേര് ലഭിച്ചത്?
അമേരിക്കൻ സൈന്യം വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തിയേറിയ അണവായുധേതര ബോംബുകളിൽ ഒന്നാണ് 'മദർ ഓഫ് ഓൾ ബോംബ്സ്'. വിളിപ്പേര് ഇങ്ങനെയെങ്കിലും ഇതിന്റെ യഥാർഥ പേര് ജിബിയു-43/ബി മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് (GBU-43/B Massive Ordnance Air Blast - MOAB) എന്നാണ്. ശത്രുക്കളുടെ വലിയ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ബങ്കറുകളും തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഭീമൻ ആയുധം. ഏകദേശം 9800 കിലോഗ്രാം ഭാരമുള്ള എം.ഒ.എ.ബി.ക്ക് വിശാലപ്രദേശത്ത് അതിശക്തമായ ഉഗ്രസ്ഫോടനം നടത്താനാകും.
9.1 മീറ്റർ നീളമുള്ള ആയുധത്തിൽ ഉയർന്ന ശേഷിയുള്ള, ഏകദേശം 8,480 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ഇതിൽ നിറച്ചിരിക്കുന്നത്. ഏകദേശം 11 ടൺ ടിഎൻടിക്ക് തുല്യമാണ് ഇതിന്റെ പ്രഹരശേഷി. ലക്ഷ്യത്തെ ഏറ്റവും മികച്ച കൃത്യതയോടെ തകർക്കാനായി ജിപിഎസ് സാങ്കേതിക വിദ്യയാണ് ഈ ബോംബിൽ ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ അണുബോംബുകളെപ്പോലെ ഇത് റേഡിയോ ആക്റ്റീവ് വികിരണങ്ങളോ മാലിന്യങ്ങളോ സൃഷ്ടിക്കുന്നില്ലെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ആൽബർട്ട് എൽ. വീമോർട്സ് ജൂനിയർ എന്ന അമേരിക്കൻ മെക്കാനിക്കൽ എൻജിനീയറാണ് ഈ ആയുധം രൂപകൽപന ചെയ്തത്. അമേരിക്കൻ വ്യോമസേനയുടെ എയർഫോഴ്സ് റിസർച്ച് ലബോറട്ടറിയിൽവെച്ചാണ് അദ്ദേഹം ഈ ബോംബ് വികസിപ്പിച്ചെടുത്തത്. അതേവർഷമായിരുന്നു ആദ്യപരീക്ഷണവും. വീമോർട്സ് തന്നെയാണ് ഇതിന് മുൻപ് അമേരിക്കൻ സൈന്യം ഉപയോഗിച്ചിരുന്ന പ്രശസ്തമായ ജിബിയു-28 'ബങ്കർ ബസ്റ്റർ' ബോംബും രൂപകൽപന ചെയ്തത്.
ഈ ആയുധത്തിന്റെ ഔദ്യോഗിക പേരായ Massive Ordnance Air Blats-ന്റെ ചുരുക്കെഴുത്താണ് MOAB. എന്നാൽ ഇതിന്റെ വൻ വലുപ്പവും കൂറ്റൻ വിനാശശേഷിയും കാരണം ഇത് 'മദർ ഓഫ് ഓൾ ബോംബ്സ്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.1991-ലെ ഗൾഫ് യുദ്ധത്തെ 'മദർ ഓഫ് ഓൾ ബാറ്റിൽസ്' എന്ന് മുൻ ഇറാഖി നേതാവ് സദ്ദാം ഹുസൈൻ വിശേഷിപ്പിച്ച പ്രയോഗത്തിൽ നിന്നാണ് ഈ വിളിപ്പേര് പ്രചരിച്ചതെന്നും കരുതപ്പെടുന്നുണ്ട്. 2008 മാർച്ച് ലക്കത്തിൽ യുഎസ് എയർഫോഴ്സ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ വിളിപ്പേര് ഔദ്യോഗികമായി പരാമർശിച്ചിട്ടുണ്ട്.
വികസിപ്പിച്ച് 14 വർഷങ്ങൾക്ക് ശേഷം, ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെ 2017 ഏപ്രിൽ 13-നാണ് യുഎസ് സൈന്യം ചരിത്രത്തിൽ ആദ്യമായി യുദ്ധത്തിൽ ഉപയോഗിച്ചത്. അഫ്ഗാനിസ്താനിലെ നംഗർഹാർ പ്രവിശ്യയിൽ പാക് അതിർത്തിക്ക് സമീപം ഐഎസ് ഭീകരരുടെ തുരങ്കങ്ങളും ഗുഹാ ശൃംഖലകളും തകർക്കാനാണ് യുഎസ് ഈ ബോംബ് വർഷിച്ചത്.
Content Highlights: MOAB stands for GBU-43/B Massive Ordnance Air Blast., It weighs roughly 9,800 kg and uses GPS for precision targeting., First used in combat by the US in Afghanistan in 2017 against ISIS tunnels.
Published: 16 Oct 2026, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented