വാഷിങ്ടൺ: ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതിന്റെ ഭാഗമായി അവരുടെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന പിക്കാക്‌സ് മലനിരയ്ക്കുനേരെ യു.എസിന് ആക്രമണം നടത്തേണ്ടിവന്നേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂസ്മാക്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനെതിരേയുള്ള ആക്രമണത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

To advertise here,

ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കിൽ അവർ അത് ഉപയോഗിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇറാന്റെ ആണവകേന്ദ്രം ദശലക്ഷക്കണക്കിന് ടൺ പാറകൾക്കും മണ്ണിനും അടിയിലാണ്. ഇപ്പോൾ ഞങ്ങൾ പിക്കാക്‌സ് മൗണ്ടനെക്കുറിച്ചും ആലോചിക്കുകയാണ്. ഒരുപക്ഷേ ഞങ്ങൾക്ക് അങ്ങോട്ടുപോകേണ്ടിവന്നേക്കാം. ആ കേന്ദ്രത്തെ ലക്ഷ്യമിട്ട് ഞങ്ങൾ ആക്രമണം നടത്തും. വേഗത്തിൽ തന്നെ അത് തകർത്തുകളയും.’- ട്രംപ് പറഞ്ഞു.

ഇറാൻ യുദ്ധത്തിൽ കരസേനയെ വിന്യസിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങൾക്കും ഊർജനിലയങ്ങൾക്കുംനേരെ ‘മദർ ഓഫ് ഓൾ ബോംബ്‌സ്’ എന്ന് അറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് ബോംബ് ഉപയോഗിക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഇറാനെതിരേ യുദ്ധം പുനരാരംഭിക്കാൻ പ്രസിഡന്റ് ഉത്തരവിടുന്നപക്ഷം പ്രയോഗിക്കേണ്ടുന്ന ആയുധങ്ങളെക്കുറിച്ച് ഉൾപ്പെടെയുള്ള ആക്രമണപദ്ധതി യു.എസ്. സൈന്യം തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. മദർ ഓഫ് ഓൾ ബോംബ്‌സും പ്രയോഗിച്ചേക്കാമെന്നും ആ റിപ്പോർട്ടുകളിൽ സൂചനയുണ്ടായിരുന്നു.