വാഷിങ്ടൺ: പശ്ചിമേഷ്യയെയും ലോകത്തെ ആകെയും മൂന്നുമാസമായി മുൾമുനയിൽനിർത്തുന്ന ഇറാനിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇറാനുമായി ഏപ്രിൽ എട്ടുമുതൽ നിലനിൽക്കുന്ന വെടിനിർത്തൽ നീട്ടുന്നതിനുള്ള കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനെന്ന് പറഞ്ഞ് വെള്ളിയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ച യോഗത്തിൽ കരാർ പ്രഖ്യാപനമുണ്ടായില്ല.
വൈറ്റ്ഹൗസിലെ സിറ്റുവേഷൻ റൂമിലായിരുന്നു ഉപദേഷ്ടാക്കളുമായുള്ള ചർച്ച. യു.എസ്. മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥയും ഇറാൻ അംഗീകരിച്ചാലേ അവരുമായി പ്രസിഡന്റ് ട്രംപ് കരാറുണ്ടാക്കൂവെന്ന് പിന്നീട് വൈറ്റ്ഹൗസ് പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കാൻ വേണ്ടതിലും കൂടുതൽ ആയുധശേഖരവും ശേഷിയും യു.എസിനുണ്ടെന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സിങ്കപ്പൂരിൽ പറഞ്ഞു. ഇറാനും യു.എസും കരാറിൽ ധാരണയിലെത്തിയെന്നും ട്രംപ് ഒപ്പിട്ടാൽമാത്രം മതിയെന്നുമാണ് അതുവരെ യു.എസ്. വൃത്തങ്ങൾ പറഞ്ഞിരുന്നത്.
ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാൻ പോവുകയാണെന്ന് യോഗത്തിനുമുൻപ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരുന്നു.
കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ഇനി സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള നടപടി ആരംഭിക്കാമെന്നു പറഞ്ഞതോടെ പ്രതീക്ഷ ഉയർന്നു.
ഉപരോധം പിൻവലിക്കുന്നതിനുള്ള പ്രതിഫലമായി ഇറാൻ ഒരിക്കലും ആണവായുധം നേടാൻ പാടില്ലെന്ന് ഉറപ്പുനൽകണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചു. കൂടാതെ ഹോർമുസ് കടലിടുക്ക് ടോൾ കൂടാതെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന് തുറന്നുകൊടുക്കണമെന്നും സമുദ്രപാതയിൽ നിക്ഷേപിച്ച മൈനുകൾ നീക്കം ചെയ്യണമെന്നും ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു.
അതേസമയം, ട്രംപിന്റെ പ്രസ്താവന നേരിന്റെയും നുണയുടെയും മിശ്രിതമാണെന്ന് ഇറാൻ പ്രതികരിച്ചു. നിർബന്ധങ്ങളുടെ ഭാഷയോട് ഇറാൻ 47 വർഷം മുൻപു തന്നെ ഗുഡ്‌ബൈ പറഞ്ഞതാണെന്ന് ഇറാൻ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഘേയ് പറഞ്ഞു. ആശയവിനിമയം തുടരുന്നുണ്ടെന്നും ഒരു അന്തിമ തീരുമാനത്തിലുമെത്തിയിട്ടില്ലെന്നും പറഞ്ഞു. വിദേശത്തുള്ള ഇറാന്റെ 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തികൾ തിരിച്ചുനൽകുന്നതുവരെ അടുത്തഘട്ട ചർച്ചയിലേക്ക് ഇറാൻ നീങ്ങില്ലെന്ന് നേതാക്കളെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
ഇറാനെതിരേ യു.എസ്. പ്രയോഗിക്കുന്ന സാമ്പത്തിക സമ്മർദത്തിന്റെ ഭാഗമായി 100 കോടി ഡോളർ മൂല്യമുള്ള ഇറാനിയൻ ക്രിപ്‌റ്റോ കറൻസി പിടിച്ചെടുക്കാനായെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അവകാശപ്പെട്ടു.
Content Highlights: Ceasefire negotiations between the US and Iran remain unresolved as of 2026., President Trump demands Iran abandon nuclear ambitions and open the Hormuz Strait., Iran refuses to engage in further talks until $12 billion in frozen assets are released., US Treasury reports the seizure of $1 billion in Iranian cryptocurrency., Defense Secretary Pete Hegseth emphasizes US military readiness for potential escalation.
Published: 31 May 2026, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented