ടെൽ അവീവ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി (Houthi)കൾക്കെതിരെ വിപുലമായ പ്രാദേശിക സൈനിക നീക്കത്തിൽ ഇസ്രയേൽ അറബ് രാജ്യങ്ങളുമായി കൈകോർത്തേക്കുമെന്ന് റിപ്പോർട്ട്. ഹൂതി ഭീഷണിയെ ചെറുക്കുന്നതിനായി അറബ് രാജ്യങ്ങൾക്ക് ഇസ്രയേലിന്റെ സഹായം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തതായി യുഎസ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ലെബനീസ് പത്രമായ 'അൽ അക്ബർ' റിപ്പോർട്ട് ചെയ്തു

To advertise here,

യെമന്റെ പടിഞ്ഞാറൻ തീരത്ത് ഹൂതികൾ സാന്നിധ്യം വർധിപ്പിക്കുന്നതിലും തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്നതിലും ഇസ്രയേലിനുള്ള ആശങ്ക വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ വാഗ്ദാനം.

ചെങ്കടലിലും ബാബ് അൽ-മന്ദേബിലും കപ്പൽ പാതകൾക്ക് നേരെയുള്ള ഹൂതി ഭീഷണി തടയുന്നതിനുള്ള ശ്രമങ്ങളിൽ അറബ് രാജ്യങ്ങളെ പിന്തുണയ്ക്കാൻ ഇസ്രയേലിന് കഴിയുമെന്ന് നെതന്യാഹു സൂചിപ്പിച്ചു. അതേസമയം ഈ വാഗ്ദാനത്തിനോട് ഹൂതികൾക്കെതിരെ പോരാടുന്ന സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.

യെമനിലെ ഔദ്യോഗിക സർക്കാരിനെയാണ് സൗദി പിന്തുണയ്ക്കുന്നത്. നേരത്തെ ഹൂതികൾക്കെതിരെ വ്യോമാക്രമണം നടത്തണമെന്ന സൗദി കിരീടാവകാശിയുടെ ആവശ്യം യുഎസ് നിരസിച്ചിരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് പ്രതികരണം വരുന്നത്.

ഹൂതികൾ ബാബ് അൽ-മന്ദേബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിലേക്ക് മുന്നേറുന്നതിൽ ഇസ്രയേലിന് കടുത്ത ആശങ്കയുണ്ട്. ലോകത്തിലെ സുപ്രധാന വാണിജ്യ കപ്പൽ പാതകളിലൊന്നിൽ പിടിമുറുക്കാൻ ഇത് ഹൂതികളെ സഹായിച്ചേക്കാം. ബാബ് അൽ-മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾ കൈക്കലാക്കുന്നത് ഹോർമുസ് കടലിടുക്കിലെ സാഹചര്യത്തേക്കാൾ അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായും വ്യാപാരപരമായും പ്രാധാന്യമുള്ള കടലിടുക്കാണ് ഇത്. ഹൂതികൾ ശക്തിപ്രാപിച്ചാൽ ചെങ്കടലിലൂടെ ഇസ്രയേലിലേക്ക് ആക്രമണമുണ്ടായേക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല. ഇത് പരിഗണിച്ച് ഇസ്രയേലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഈലാറ്റിലും (Eilat) പരിസര പ്രദേശങ്ങളിലും ഇസ്രയേൽ സേന സൈനികാഭ്യാസം നടത്തി.

കടൽ, വ്യോമം, കര മാർഗ്ഗങ്ങളിലൂടെ ഈലാറ്റിലേക്ക് നടത്തുന്ന വൻതോതിലുള്ള നുഴഞ്ഞുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനാണ് ഈ സൈനിക അഭ്യാസം നടത്തിയത്. നഗരത്തിലെ ഹോട്ടലുകൾ, സ്‌കൂളുകൾ, ഷോപ്പിങ് സെന്ററുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പിടിച്ചെടുക്കുന്ന സാഹചര്യങ്ങളെയും, വ്യാപകമായ ബന്ദികളാക്കൽ സംഭവങ്ങളെയും സൈന്യം എങ്ങനെ നേരിടുന്നു എന്ന് പരിശോധിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.