റിയാദ്: ചെങ്കടൽ മേഖലയിൽ തുടരുന്ന ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നു. സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. റിയാദ്, മദീന മേഖലകളിലാണ് വ്യാഴാഴ്ച മുതൽ ആക്രമണങ്ങളുണ്ടായത്. ഇറാഖിൽനിന്നാണ് ഡ്രോണുകൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. 

To advertise here,

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖ് എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടൽ തുറമുഖമായ യാൻബുവിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്ന 750 മൈൽ നീളമുള്ള പ്രധാന പാതയാണിത്. പ്രതിദിനം 50 ലക്ഷം മുതൽ 70 ലക്ഷം ബാരൽവരെ എണ്ണ കൊണ്ടുപോകാൻ ശേഷിയുള്ള പൈപ്പ്‌ലൈനാണിത്. ഹോർമുസിന് ബദലായി ഉപയോഗിക്കാനാവുന്ന ചെങ്കടലിലെ സമുദ്രപാതയാണ് സംഘർഷത്തിൽപ്പെട്ടിരിക്കുന്നത്.

ഇതിനിടയിൽ, ചെങ്കടലിന്റെ പ്രവേശന കവാടത്തിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് വെള്ളിയാഴ്ച ഹൂതി സേന പിടിച്ചെടുത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച യെമെനിലെ തുറമുഖ നഗരമായ മോഖയും ഹൂതി വിമതർ പിടിച്ചെടുത്തിരുന്നു. മോഖ പിടിച്ചതോടെ ഹൂതികൾ ചരക്കുപാതയായ ബാബ് എൽ മാണ്ടെബ് കടലിടുക്കിന് 80 കിലോമീറ്റർ അടുത്തെത്തി. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനം കടന്നുപോകുന്നത് സൂയസ് കനാലിലേക്കുള്ള കവാടമായ ബാബ് എൽ മാണ്ടെബ് കടലിടുക്കിലൂടെയാണ്. യെമെന്റെ ചെങ്കടൽ തീരവും ബാബ് എൽ മാണ്ടെബും പിടിച്ചെടുത്തയായി ഹൂതികൾ  പ്രഖ്യാപിച്ചതോടെ ഇതുവഴിയുള്ള ചരക്കുനീക്കം അവരുടെ നിയന്ത്രണത്തിലാകും.

ഹോർമുസിന് ബദലായി ഉപയോഗിക്കാനാവുന്ന ചെങ്കടലിലെ സമുദ്രപാതയും സംഘർഷമേഖലയായതോടെ ലോക എണ്ണവിപണിയും പ്രതിസന്ധിയിലായിട്ടുണ്ട്. വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 മുതൽ 110 ഡോളർ വരെ ഉയർന്നു. യു.എസിൽ ഡീസൽ വില ഗാലന് ചരിത്രത്തിലെ ഉയർന്ന നിരക്കായ 6.05 ഡോളറിലെത്തുകയും (കാലിഫോർണിയയിൽ 7.98 ഡോളർ) പെട്രോൾ വില 4.29 ഡോളറാകുകയും ചെയ്തു.

അതിനിടെ, ഹൂതികളുടെ മുന്നേറ്റത്തെ പ്രശംസിച്ച ഇറാൻ നേതൃത്വം യെമെന് മേലുള്ള സൗദിയുടെ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാൻ ഗൾഫ് രാജ്യങ്ങളുടെ യോഗം വിളിച്ചുചേർക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.