വാഷിങ്ടൺ: കഴിഞ്ഞവർഷം ജൂണിൽ ഇസ്രയേലും യു.എസും ആക്രമിച്ചുതകർത്ത ആണവസമ്പുഷ്ടീകരണ സംവിധാനങ്ങൾ ഇറാൻ പുനർനിർമിച്ചിരുന്നില്ല എന്ന് യു.എസ്. രഹസ്യാന്വേഷണ റിപ്പോർട്ട്. ഇപ്പോഴത്തെ യുദ്ധത്തെ ന്യായീകരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ കാരണം നുണയെന്നു വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

To advertise here,

യു.എസിനുള്ള ഭീഷണികളെക്കുറിച്ച് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്കു നൽകിയ വാർഷിക റിപ്പോർട്ടിൽ രഹസ്യാന്വേഷണവിഭാഗം ഡയറക്ടർ തുൾസി ഗബാർഡാണ് ഇക്കാര്യം എഴുതിനൽകിയത്.

ഇറാനിൽനിന്ന് അടിയന്തരഭീഷണിയുണ്ടെന്നു പറഞ്ഞാണ് ഇസ്രയേലുമായിച്ചേർന്ന് യു.എസ്. ഫെബ്രുവരി 28-ന് ഇറാനെ ആക്രമിച്ചത്. ഇറാൻ ഏതാനും ആഴ്ചകൾക്കുള്ളിൽ അണുബോംബുണ്ടാക്കും എന്ന് അറിഞ്ഞതിനാലാണ് ആക്രമിച്ചതെന്നാണ് അന്നുമുതൽ ട്രംപ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ആക്രമണങ്ങൾമൂലം ഇറാന് വൻ തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും അവിടത്തെ സർക്കാർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും സെനറ്റിനോട് തുൾസി പറഞ്ഞു. ഇപ്പോഴത്തെ സർക്കാർ നിലനിന്നാൽ, നഷ്ടമായതെല്ലാം അവർ പുനർനിർമിക്കുമെന്നും തുൾസി പറഞ്ഞു.