ന്യൂഡൽഹി: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പിക്ക്ആക്സ് പർവതത്തിലെ രഹസ്യ ഭൂഗർഭ ആണവനിലയത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ആക്രമണമുണ്ടായാൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

To advertise here,

അമേരിക്ക പിക്ക്ആക്സ് പർവതം ആക്രമിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇറാന്റെ ഭൂരിഭാഗം ആണവശേഷിയും തകർത്തുകഴിഞ്ഞെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ബാക്കിയുള്ള ഒന്ന് രണ്ട് കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിടേണ്ടി വരുമെന്നും ആഗ്രഹിക്കുന്ന ഏതു സമയത്തും പിക്ക്ആക്സ് പർവ്വതത്തിന് നേരെ ആക്രമണം നടത്താൻ തങ്ങൾക്ക് സാധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇറാനിലെ ഫോർഡോ, നതാൻസ് എന്നീ ആണവ സമുച്ചയങ്ങൾ കഴിഞ്ഞ വർഷം ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ, അവയേക്കാൾ താഴ്ചയിൽ പർവതത്തിന് 328 അടി താഴെ കടുപ്പമേറിയ ഗ്രാനൈറ്റ് പാറകൾക്കുള്ളിലാണ് പിക്ക്ആക്സ് നിലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ, ആണവ കേന്ദ്രം തകർക്കാൻ അമേരിക്കയുടെ പരമ്പരാഗത ബങ്കർ ബസ്റ്റർ ബോംബുകൾക്ക് സാധിക്കില്ലെന്നും ആണവാക്രമണം മാത്രമാണ് വഴിയെന്നും ട്രംപിൻ്റെ അടുത്ത വിശ്വസ്തനും മുൻ ഫോക്സ് ന്യൂസ് അവതാരകനുമായ ടക്കർ കാൾസൺ അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ ഇടയാക്കുമെന്നും കാൾസൺ പറഞ്ഞു.

ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെയാണ് ഈ ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന്റെ തീവ്രത, കാലാവസ്ഥ, കാറ്റിന്റെ ഗതി എന്നിവയെ ആശ്രയിച്ചായിരിക്കും വികിരണ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത്. കാറ്റ് കിഴക്കോട്ട് വീശുകയാണെങ്കിൽ റേഡിയോ ആക്ടീവ് കണങ്ങൾ പേർഷ്യൻ ഉൾക്കടൽ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവ കടന്ന് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് എത്തിയേക്കാമെന്ന് പ്രതിരോധ വിദഗ്ധനായ സന്ദീപ് ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം, ആണവായുധങ്ങൾ ഉപയോഗിക്കേണ്ടി വരില്ലെന്ന് ട്രംപ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇത് സാധ്യതാ പഠനമാണെന്നും കാൾസണിന്റെ അവകാശവാദങ്ങളിൽ കൃത്യമായ തെളിവുകളില്ലെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.