വാഷിങ്ടൺ: ഇറാന്റെ തന്ത്രപ്രധാനവും അതിസംരക്ഷിതവുമായ ഭൂഗർഭ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന പിക്ആക്സ് മല ഉടൻ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുനേരേ ആക്രമണങ്ങൾ പുനരാരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭീഷണി.
പിക്ആക്സിൽ പല പ്രവർത്തനങ്ങളും നടക്കുന്നതായി യു.എസ്. കണ്ടെത്തിയിട്ടുണ്ടെന്നും നിലയം രഹസ്യാന്വേഷണവിഭാഗങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ട്രംപ് പറഞ്ഞു. “പിക്‌ആക്സിൽ ആരൊക്കെ നീങ്ങുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. ഇറാനിലുടനീളം എവിടെയൊക്കെ ആരൊക്കെ നീങ്ങുന്നുണ്ടെന്നതും വ്യക്തമാണ്. എന്തെങ്കിലും മോശമായി സംഭവിച്ചാൽ, ഞങ്ങൾ അവരെ ആക്രമിക്കും; ശക്തമായിത്തന്നെ അടിക്കും” - ട്രംപ് പറഞ്ഞു.
ഇറാനുനേരേയുള്ള സൈനികനടപടിയുടെ പ്രാഥമികവും ആത്യന്തികവുമായ ലക്ഷ്യം അവരെ ആണവായുധം നേടുന്നത് തടയുക എന്നതാണെന്ന് ട്രംപ് ഓവൽ ഓഫീസിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചുമാസംകൊണ്ട് ഇറാൻ ആണവായുധം നേടില്ലെന്ന് യു.എസ്. ഉറപ്പാക്കിയെന്നും അവകാശപ്പെട്ടു.
“അമേരിക്കയുടെ സൈനിക ഇടപെടൽ വലിയൊരു പ്രാദേശികസംഘർഷമുണ്ടാകുന്നത് തടഞ്ഞു. അല്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രയേലോ പശ്ചിമേഷ്യ തന്നെയോ ഇതുപോലെ ഉണ്ടാകുമായിരുന്നില്ല. അവർ യൂറോപ്യൻ നഗരങ്ങളെയും യു.എസ്. നഗരങ്ങളെയും ലക്ഷ്യമാക്കിയേനെ” -ട്രംപ് പറഞ്ഞു.
2025 ജൂണിൽ ഇസ്രയേൽ നടത്തിയ 12 ദിനയുദ്ധത്തിൽ കക്ഷിചേർന്ന് ഇറാന്റെ നതാൻസ്, ഫൊർദോ, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിൽ യു.എസ്. ബോംബിട്ടിരുന്നു. അതിനിടെ, ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപത്തുവെച്ച് ഇറാനിയൻ കപ്പൽ യു.എസ്. ആക്രമിച്ചു. പിന്നിൽ യു.എസ്. ആണെന്ന് ഇറാൻ ആരോപിച്ചു.
പിക്ആക്സ്
ഇസ്ഫഹാൻ പ്രവിശ്യയിലെ സഗ്രോസ് മലനിരകളുടെ ഭാഗം. ഇറാന്റെ ഏറ്റവുംവലിയ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രമായ നതാൻസിന് 1.5 കിലോമീറ്റർ അടുത്ത്. ഭൂഗർഭത്തിൽ വളരെ ആഴത്തിൽ രണ്ട് വലിയ തുരങ്കങ്ങളിലായാണ് പ്രവർത്തനമെന്നാണ് വിലയിരുത്തൽ. യുദ്ധം തുടങ്ങിയതോടെ ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇവിടേക്ക് മാറ്റിയെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
പാറതുരന്ന് ഭൂമിക്കടിയിൽ വളരെ ആഴത്തിൽ നിർമിച്ചിരിക്കുന്നതിനാൽ വ്യോമാക്രമണംകൊണ്ട് നിലയം തകർക്കാനാകില്ല. മുൻപ് ഫൊർദോയിൽ പയറ്റിയതുപോലെ ഭൂമിക്കുള്ളിൽ ആഴത്തിൽ തുളച്ചിറങ്ങി പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ബങ്കർബസ്റ്റർ ബോംബുകൾതന്നെ വേണ്ടിവരും. വീണ്ടും അത്തരം സാഹസത്തിനുമുതിർന്നാൽ നിലവിലെ സംഘർഷം അനിയന്ത്രിതമാംവിധം സങ്കീർണമായേക്കും.
Content Highlights: US President Donald Trump has warned that the United States will launch a powerful military attack on Iran's heavily fortified underground nuclear facility at Pikak Mountain if hostile activities persist, while emphasizing that America's intervention aims to stop Iran from acquiring nuclear weapons.
Published: 06 Sept 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented