
മോസ്കോ: മൂന്നര വർഷമായിത്തുടരുന്ന യുക്രൈൻയുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുങ്ങുമെന്ന പ്രത്യാശയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് (ഓഗസ്റ്റ് 15) അലാസ്കയിൽ നടക്കും.
യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കൂടിക്കാഴ്ചയ്ക്കു മുൻപ് ട്രംപ് മുന്നറിയിപ്പുനൽകി. എന്നാൽ, അതെന്താണെന്ന് വ്യക്തമാക്കിയില്ല. റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികൾക്കുമെതിരേ യുഎസ് കൂടുതൽ ഉപരോധമേർപ്പെടുത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളുമായി ബുധനാഴ്ച വെർച്വൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്രംപിന്റെ പ്രതികരണം. ചർച്ച വിജയിക്കാതിരിക്കാനുള്ള സാധ്യത 25 ശതമാനമേയുള്ളൂവെന്നും പിന്നീട് പ്രതികരിച്ചു.
റഷ്യയിൽ നിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയ്ക്ക് യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിക്കാഴ്ചയെ ഇന്ത്യയും സഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ വ്യാപാരപങ്കാളികളെ യുഎസ് വേട്ടയാടുന്നത് അംഗീകരിക്കില്ലെന്ന് റഷ്യ പറഞ്ഞിരുന്നു. പ്രസിഡന്റ് സെലെൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും പങ്കെടുപ്പിക്കാതെ ഉച്ചകോടി നടത്തുന്നതിൽ യുക്രൈന് എതിർപ്പുണ്ട്.
അതേസമയം, വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കുശേഷം തന്റെ സാന്നിധ്യത്തിലോ അല്ലാതെയോ സെലെൻസ്കി-പുതിൻ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുമെന്ന് ട്രംപ് പറഞ്ഞു.
ജെബിഇആർ വേദി
അലാസ്കൻനഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സൺ (ജെബിഇആർ) സേനാതാവളമാണ് ചരിത്രപരമായ ട്രംപ്-പുതിൻ ഉച്ചകോടിയുടെ വേദി. റഷ്യയിൽനിന്ന് 1867-ൽ യുഎസ് വാങ്ങിയ പ്രദേശമാണ് അലാസ്ക. യുഎസിന്റെ ആർട്ടിക് കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങൾ നടത്തുന്നത് ഈ താവളം കേന്ദ്രീകരിച്ചാണ്. റഷ്യൻസംഘത്തെ സേനാതാവളത്തിൽ സ്വീകരിക്കുന്നതിനെ തുടക്കത്തിൽ യുഎസ് എതിർത്തിരുന്നെങ്കിലും അതിസുരക്ഷാ മാനദണ്ഡങ്ങളെല്ലാം ജെബിഇആറിൽ പാലിക്കപ്പെടുമെന്നുള്ളതിനാൽ പിന്നീട് സമ്മതിക്കുകയായിരുന്നു. നേരത്തേ ജുനാവു, ഫെയർബാങ്ക്സ്, ആങ്കറേജ് നഗരങ്ങളാണ് വേദിക്കായി പരിഗണിച്ചിരുന്നത്. ചില അലാസ്കക്കാർ തങ്ങളുടെ സ്വകാര്യവസതികൾ പോലും കൂടിക്കാഴ്ചയ്ക്ക് വിട്ടുനൽകാൻ സന്നദ്ധരായിരുന്നു. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ പുതിൻ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ മൂന്നാമതൊരു രാജ്യം ചർച്ചയ്ക്ക് വേദിയാക്കുകയും അത്ര എളുപ്പമായിരുന്നില്ല.
പ്രവിശ്യകൾ നഷ്ടംവരുമോ?
യുദ്ധം തുടങ്ങിയശേഷം യുക്രൈനിൽനിന്ന് നിയമവിരുദ്ധമായി റഷ്യ പിടിച്ചെടുത്ത ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഹെർസോൺ, സപൊറീഷ എന്നീ നാല് പ്രവിശ്യകളും 2014-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ക്രമിയയും അവർക്ക് വിട്ടുകൊടുക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. അതിനെ യൂറോപ്യൻ സഖ്യകക്ഷികളും പിന്തുണയ്ക്കുന്നു.
എന്നാൽ, ഇവ മടക്കിനൽകില്ലെന്ന നിലപാടിലാണ് പുതിനും. മാത്രമല്ല, യുക്രൈൻ നാറ്റോ പ്രവേശനശ്രമം ഉപേക്ഷിച്ചാലേ സമാധാനകരാറിലെത്തൂവെന്നും ശഠിക്കുന്നു. അതേസമയം, യുക്രൈന്റെ രണ്ടു പ്രവിശ്യകളുൾപ്പെടെ റഷ്യയും യുക്രൈനും ചില പ്രവിശ്യകൾ പരസ്പരം വെച്ചുമാറാനുള്ള കരാർനിർദേശങ്ങളാണ് യുഎസ് മുന്നോട്ടുവെക്കുകയെന്നാണ് സൂചന.
ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് അധികത്തീരുവ ചുമത്തുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മിൽ അലാസ്കയിൽ നടക്കുന്ന യുക്രൈൻ സമാധാനചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പുനൽകി. “റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന് മറുപടിയായി ഇന്ത്യയ്ക്കുമേൽ ദ്വിതീയതലത്തിൽ തീരുവകൾ ചുമത്തിയിട്ടുണ്ട്. കാര്യങ്ങൾ നേരാംവഴിക്കല്ലെങ്കിൽ ഈ തീരുവ വീണ്ടും കൂട്ടും. അത് ട്രംപ്-പുതിൻ ചർച്ചയുടെ ഫലത്തെ ആശ്രയിച്ചിരിക്കും” -ബെസെന്റ് പറഞ്ഞു. സമാധാനക്കരാറുണ്ടായില്ലെങ്കിൽ റഷ്യക്കുമേലും അവരുടെ വ്യാപാരപങ്കാളികളായ രാജ്യങ്ങൾക്കുമേലും കൂടുതൽ സാമ്പത്തിക ഉപരോധമേർപ്പെടുത്താനുള്ള യുഎസിന്റെ തീരുമാനത്തിനൊപ്പം പങ്കുചേരാൻ യൂറോപ്യൻ രാജ്യങ്ങളോടും ആഹ്വാനംചെയ്തു.
വ്യാപാരചർച്ചയിൽ ഇന്ത്യ കടുംപിടിത്തം തുടരുകയാണെന്ന് കഴിഞ്ഞദിവസം ‘ഫോക്സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസെന്റ് ആരോപിച്ചിരുന്നു. റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻയുദ്ധത്തിന് സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം പിഴച്ചുങ്കം യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യക്കുള്ള ആകെ തീരുവ 50 ശതമാനമായി ഉയർന്നു.
Content Highlights: Trump-Putin Summit Aims to Broker Peace in Ukraine War
Published: 15 Aug 2025, 10:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented