മോസ്കോ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ശനിയാഴ്ച മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിലെത്തി പുതിനെ കണ്ടത്. കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. 

To advertise here,

യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് തയ്യാറാക്കിയ പുതിയ സമാധാന നിർദേശങ്ങൾ പ്രതിനിധികൾ പുതിൻ്റെ മുന്നിൽ അവതരിപ്പിച്ചു. നിലവിലെ സാഹചര്യം ഒട്ടും ലളിതമല്ലെന്ന് വ്യക്തമാക്കിയ പുതിൻ, സമാധാന ചർച്ചകൾക്ക് മുൻകൈയെടുത്ത ഡൊണാൾഡ് ട്രംപിന് തന്റെ നന്ദിയും ആശംസകളും അറിയിക്കാൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. 

കൂടിക്കാഴ്ച ഫലപ്രദമായ രീതിയിൽ നടന്നതായി റഷ്യൻ വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. ചർച്ചയിൽ പ്രധാനപ്പെട്ട നിരവധി സമാധാന ആശയങ്ങൾ ഉയർന്നുവന്നതായും പുതിനും ട്രംപും വരുംദിവസങ്ങളിലും ഇക്കാര്യങ്ങളിൽ ചർച്ച നടത്തുമെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സമാധാന ശ്രമങ്ങൾക്ക് റഷ്യ തയ്യാറാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. അതേസമയം, കിഴക്കൻ യുക്രൈൻ പൂർണമായി പിടിച്ചടക്കുക എന്ന റഷ്യയുടെ സൈനിക ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്നും റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് മോസ്കോ, കീവ് എന്നീ തലസ്ഥാന നഗരങ്ങളിൽ മൂന്ന് ദിവസത്തേക്ക് പരസ്പരം ആക്രമണം നടത്തില്ലെന്ന് റഷ്യയും യുക്രൈനും സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെയാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.

റഷ്യയിലെ ചർച്ചകൾ പൂർത്തിയാക്കിയ യുഎസ് പ്രതിനിധികൾ ശനിയാഴ്ച വൈകുന്നേരത്തോടെ യുക്രൈനിലേക്ക് തിരിച്ചു. ഞായറാഴ്ച ഇവർ കീവിലെത്തുമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അധികൃതർ അറിയിച്ചു.