വാഷിങ്ടണ്‍: 90-ലധികം രാജ്യങ്ങളില്‍ പുതിയ തീരുവകള്‍ ഔദ്യോഗികമായി നടപ്പിലാക്കിയതില്‍ ആഹ്ലാദം പങ്കിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ ഫലമായി യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത് കോടിക്കണക്കിന് ഡോളറാണെന്ന് ട്രംപ് അവകാശപ്പെട്ടു.

To advertise here,

'അര്‍ധരാത്രിയായിരിക്കുന്നു. കോടിക്കണക്കിന് ഡോളറിന്റെ തീരുവയാണ് ഇപ്പോള്‍ യുഎസിലേക്ക് ഒഴുകുന്നത്', ഉയര്‍ന്ന താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അദ്ദേഹം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പുതിയ വരുമാനം പ്രധാനമായും വര്‍ഷങ്ങളായി അമേരിക്കയെ മുതലെടുത്ത് പ്രവര്‍ത്തിച്ച രാജ്യങ്ങളില്‍ നിന്നാണെന്ന് മറ്റൊരു പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. ബ്രസീല്‍ (50%), സ്വിറ്റ്‌സര്‍ലന്‍ഡ് (39%), കാനഡ (35%), ഇന്ത്യ (50%) എന്നിവയുള്‍പ്പെടെ ചില രാജ്യങ്ങളെയാണ് ട്രംപിന്റെ ഉയര്‍ന്ന തീരുവ വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്.

റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ചാണ് ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ യുഎസ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കംകൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.