വാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 'സെക്ഷൻ 301' നികുതിക്കെതിരെ നിയമപോരാട്ടം ആരംഭിച്ച് അമേരിക്കയിലെ 25 സംസ്ഥാനങ്ങൾ. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയെ സമീപിച്ചത്. ഈ നികുതി വർധനവ് ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

To advertise here,

‘സെക്ഷൻ 301’ നടപടികളുടെ ഭാഗമായി ഇന്ത്യ നിലവിൽ 10 ശതമാനം തീരുവ നേരിടുന്നുണ്ട്. നിർബന്ധിത തൊഴിൽ സാഹചര്യം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച്, 60 രാജ്യങ്ങൾക്കുമേൽ കഴിഞ്ഞ മാസം യു.എസ്. 10 ശതമാനം മുതൽ 12.5 ശതമാനം വരെ പുതിയ തീരുവകൾ ചുമത്തിയിരുന്നു. ജൂലായ് 24-ന് കാലാവധി അവസാനിച്ച 10 ശതമാനം ആഗോള തീരുവയ്ക്ക് പകരമായാണ് ഈ പുതിയ നടപടി നടപ്പിലാക്കിയത്.

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഇത് ചെലവ് വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുവ തീരുമാനത്തിനെതിരെ 25 സംസ്ഥാനങ്ങൾ തിങ്കളാഴ്ച യു.എസ്. കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിൽ ഹർജി ഫയൽചെയ്തത്. ഈ തീരുവകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, ഗവർണർ കാത്തി ഹോചുൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളുടെ കൂട്ടായ്മ എന്നിവർ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള 17 രാജ്യങ്ങളാണ് നിലവിൽ 10 ശതമാനം തീരുവ നേരിടുന്നത്. ഇന്ത്യൻ ഇറക്കുമതിക്ക് യു.എസ്. മുമ്പ് 12.5 ശതമാനം തീരുവയാണ് നിർദ്ദേശിച്ചിരുന്നത്. നിർബന്ധിത തൊഴിലിലൂടെ നിർമിക്കുന്ന ചരക്കുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ജൂൺ 14-ന് ഇന്ത്യ വിദേശ വ്യാപാര നയം ഭേദഗതിചെയ്തതിനെ തുടർന്നാണ് കുറഞ്ഞ നിരക്ക് നിലവിൽവന്നത്.

ആഗോള വ്യാപാരത്തിൽ നിർബന്ധിത തൊഴിൽ രീതികളെ ചെറുക്കുന്നതിനായി 1974-ലെ വ്യാപാര നിയമത്തിലെ ‘സെക്ഷൻ 301’ ആണ് തങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ, ഭരണകൂടം ആവർത്തിച്ച് നടപ്പിലാക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത അതേ സമഗ്ര തീരുവകൾ വീണ്ടും നടപ്പിലാക്കാനുള്ള ഒരു മറ മാത്രമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ തീരുവകൾ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ചുമത്തിയതെന്നും നിർബന്ധിത തൊഴിലിനെ നേരിടുകയെന്ന ഭരണകൂടത്തിന്റെ ലക്ഷ്യവുമായി ഇതിന് കാര്യമായ ബന്ധമില്ലെന്നും ഹർജിയിൽ വാദിക്കുന്നു. വിവിധ രാജ്യങ്ങളുടെ മേൽ തീരുവ ചുമത്തുന്നതിനെ ന്യായീകരിക്കുന്നതിനായി, നിർബന്ധിത തൊഴിലിലൂടെ നിർമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് ഉത്പങ്ങൾ മാത്രമാണ് ട്രംപ് ഭരണകൂടത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ഹർജിയിൽ പറയുന്നു.