വാഷിങ്ടൺ: പാകിസ്താനിൽ വെച്ച് നടന്ന അതിനിർണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ കടുത്ത സൈനിക നടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സൈന്യം പൂർണമായും സജ്ജമാണെന്നും, ഇറാന്റെ അവശേഷിക്കുന്ന ഭാഗം കൂടി നശിപ്പിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇറാന്റെ വ്യോമസേനയും നാവികസേനയും നിലവിൽ തന്നെ തകർക്കപ്പെട്ട നിലയിലാണെന്നും ട്രംപ് അവകാശപ്പെട്ടു.
ചർച്ചകൾ പരാജയപ്പെട്ട ഉടൻ തന്നെ, ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ ആയ എല്ലാ കപ്പലുകളും തടയാൻ ട്രംപ് യുഎസ് നാവികസേനയോട് ഉത്തരവിട്ടിട്ടുണ്ട്. ഇറാന് 'നിയമവിരുദ്ധമായ ടോൾ' നൽകുന്ന കപ്പലുകൾക്ക് സുരക്ഷിത യാത്ര അനുവദിക്കില്ലെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിലൊന്ന് ഉപരോധിക്കാനുള്ള തീരുമാനം ആഗോള വിപണിയെയും സുരക്ഷയെയും സാരമായി ബാധിച്ചേക്കും.
ഹോർമുസിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ യുഎസ് നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്‌ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബാദിൽ ഏകദേശം 20 മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകളിൽ ആണവ പദ്ധതിയൊഴികെ മറ്റ് പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയെങ്കിലും, ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായതെന്ന് യുഎസ് ഭരണകൂടം ആരോപിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും പൂർണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഇറാൻ തങ്ങളുടെ ആണവ മോഹങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണമെന്ന് അമേരിക്കൻ ഭരണകൂടം കുറ്റപ്പെടുത്തി.
അതേസമയം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായ 'യുക്തിരഹിതമായ ആവശ്യങ്ങൾ' കാരണമാണ് ചർച്ചകൾ പരാജയപ്പെട്ടതെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ വിശ്വാസം നേടിയെടുക്കാൻ അമേരിക്കൻ പ്രതിനിധി സംഘത്തിന് സാധിച്ചില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു.
Content Highlights: US President Trump threatens military action after failed 2026 peace talks., US Navy ordered to block vessels in the Hormuz Strait., Nuclear policy remains the primary point of contention between the nations., Global oil supply and security are at risk due to the escalating tensions.
Published: 12 Apr 2026, 08:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented