വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ക്യൂബയിലെ അമേരിക്കന്‍ നാവികസേനയുടെ അധീനതയിലുള്ള ഗ്വാണ്ടനാമോ സൈനികകേന്ദ്രം നിയമവിരുദ്ധ തടവിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ലോകമാകെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ്. ഇവിടെ 30,000 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുമെന്നാണ് ട്രംപ് പറയുന്നത്. യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ടിങ് ഡയറക്ടര്‍ ടോം ഹോമന്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ പിടികൂടിയാല്‍ അവരെ നേരിട്ട് ഗ്വാണ്ടനാമോയിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ടോം ഹോമന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഇതിന് അടിവരയിടുന്ന പരാമര്‍ശമാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങൾ എത്രയുണ്ടായാലും അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനവുമായി മുന്നോട്ടുപോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍, നിലവില്‍ ഗ്വാണ്ടനാമോയില്‍ വലിയതോതില്‍ ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളില്ല. എന്നാണ് ഇവിടെ ഡിറ്റന്‍ഷന്‍ കേന്ദ്രം പൂര്‍ത്തിയാകുന്നതെന്നോ എത്ര തുക ചെലവാകുമെന്നോ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല.
ദിവസങ്ങള്‍ക്ക് മുമ്പാണ് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണ കഴിയുന്നതുവരെ ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാനുള്ള നിയമത്തില്‍ ഒപ്പുവെച്ചത്. ഈ ഉത്തരവില്‍ ഒപ്പുവെക്കുന്ന സമയത്ത് അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് മാറ്റുന്ന കാര്യത്തെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള നിര്‍ദ്ദേശവും ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് നല്‍കി.
'അനധികൃത കുടിയേറ്റക്കാരില്‍ ചിലര്‍ വളരെ മോശക്കാരാണ്. തിരിച്ചയച്ചാലും വീണ്ടും അവര്‍ അമേരിക്കയിലേക്ക് വരാതെ തടയാന്‍ അവരുടെ രാജ്യങ്ങള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കാനും പറ്റില്ല. അവര്‍ തിരികെവരണമെന്ന് നമുക്ക് ആഗ്രഹവുമില്ല. അതുകൊണ്ട് അവരെ ഗ്വാണ്ടനാമോയിലേക്ക് അയക്കാന്‍ പോവുകയാണ്. അവിടെനിന്ന് പുറത്തുകടക്കല്‍ അത്ര എളുപ്പമല്ല'- എന്നാണ് ട്രംപ് പറഞ്ഞത്.
ഗ്വാണ്ടനാമോയില്‍ നിലവില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ഡിറ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നു. 2001-ല്‍ യു.എസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഗ്വാണ്ടനാമോ താവളത്തെ തടവറയാക്കി അമേരിക്ക മാറ്റിയിരുന്നു. വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകള്‍ ഇവിടെ തടവില്‍ കഴിഞ്ഞിരുന്നു. ഈ കേന്ദ്രം അടച്ചുപൂട്ടുമെന്ന് പല സര്‍ക്കാരുകളും പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. നിലവില്‍ ഇവിടെ 15 പേര്‍ തടവുകാരായി കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: President Trump announced plans to use Guantanamo Bay to house illegal immigrants
Published: 30 Jan 2025, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented