വാഷിംഗ്ടൺ ഡി.സി: 2025-ൽ ഇന്ത്യൻ, ചൈനീസ് വിദ്യാർഥികൾക്ക് അനുവദിച്ച യു.എസ് F-1 സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി സെന്റർ ഫോർ ഇമിഗ്രേഷൻ സ്റ്റഡീസ്  റിപ്പോർട്ട്. അമേരിക്കയിലെ തൊഴിൽ വിപണി, ദേശീയ സുരക്ഷ, അമേരിക്കൻ  വിദ്യാർഥികളുടെ അവസരങ്ങൾ എന്നിവയിൽ ഇത്  മാറ്റങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് പഠനം വിലയിരുത്തുന്നു.

To advertise here,

പ്രധാന വിവരങ്ങൾ:

  • ഇന്ത്യൻ വിദ്യാർഥികളുടെ വിസയിൽ 62% കുറവ്:

    2025 മേയ് - ഓഗസ്റ്റ് കാലയളവിൽ ഇന്ത്യക്കാർക്ക് 22,149 F-1 വിസകളാണ് അമേരിക്ക നൽകിയത്. 2024-ൽ ഇതേ കാലയളവിൽ അനുവദിച്ച 58,694 വിസകളുമായി താരതമ്യം ചെയ്യുമ്പോൾ 62 ശതമാനത്തിന്റെ കുറവാണിത്. മുൻവർഷങ്ങളിലെ ശരാശരിയെക്കാൾ (55,717) 60 ശതമാനം കുറവും രേഖപ്പെടുത്തി.

  • ചൈനീസ് വിദ്യാർഥികൾക്ക് 34% കുറവ്:

    ചൈനീസ് പൗരന്മാർക്ക് മേയ് - ഓഗസ്റ്റ് മാസങ്ങളിൽ 40,034 വിസകൾ ലഭ്യമായി. 2024-ലെ 61,075 വിസകളെ അപേക്ഷിച്ച് 34 ശതമാനം കുറവും, മുൻവർഷ ശരാശരിയെക്കാൾ 46 ശതമാനം കുറവുമാണിത്.

  • അന്താരാഷ്ട്ര വിദ്യാർഥികളിൽ പകുതിയിലധികവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും

    2024-25 അധ്യയന വർഷത്തിൽ അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആകെ 11.7 ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളിൽ 53 ശതമാനവും ഇന്ത്യയിൽ നിന്നും (3,63,019) ചൈനയിൽ നിന്നുമുള്ളവരാണ് (2,65,919).

OPT പ്രോഗ്രാമിനെയും തൊഴിൽ വിപണിയെയും ബാധിക്കും

പഠനത്തിന് ശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി.) പ്രോഗ്രാമിനെ വിസയിലെ കുറവ് ബാധിക്കും.

2024-25 കാലയളവിൽ ഒ.പി.ടി. വഴി ജോലി ചെയ്യുന്ന 2.94 ലക്ഷം വിദേശ ബിരുദധാരികളിൽ 70 ശതമാനത്തോളം (ഇന്ത്യ: 1,43,740, ചൈന: 61,981) ഇന്ത്യക്കാരും ചൈനക്കാരുമാണ്.

എസ്.ടി.ഇ.എം. (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മേഖലയിലെ ഒ.പി.ടി. പ്രോഗ്രാമിൽ 68 ശതമാനവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർഥികളാണ്.

പുതിയ വിദ്യാർഥികളുടെ വരവ് കുറയുന്നത് അമേരിക്കൻ ഐ.ടി/ടെക് മേഖലകളിലെ വിദേശ വിദഗ്ധ തൊഴിലാളികളുടെ ലഭ്യത കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.

ദേശീയ സുരക്ഷയും തൊഴിൽ മേഖലയും

എച്ച്-1ബി വിസ പരിധിക്ക് പുറത്ത് വിദേശ തൊഴിലാളികളെ എത്തിക്കുന്ന ഒ.പി.ടി പ്രോഗ്രാമിലെ ആശ്രിതത്വം കുറയ്ക്കുന്നത് അമേരിക്കൻ പ്രാദേശിക ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും സി.ഐ.എസ് പഠനം വ്യക്തമാക്കുന്നു.