ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അക്കാദമിക്, ഗവേഷണ സ്വാതന്ത്ര്യം 1900-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥക്കാലത്തേക്കാൾ മോശമായ അവസ്ഥയിലാണ് നിലവിൽ ഇന്ത്യയുടെ അക്കാദമിക് സ്വാതന്ത്ര്യമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

To advertise here,

'വി-ഡെം' (വെറൈറ്റീസ് ഓഫ് ഡെമോക്രസീസ്) അക്കാദമിക് ഫ്രീഡം ഇൻഡക്സ് പദ്ധതി തയ്യാറാക്കിയ ആഗോള റാങ്കിങ്ങിൽ, അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ള 10-20 ശതമാനം രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ജർമ്മനിയിലെ ഫ്രെഡറിക്-അലക്സാണ്ടർ യൂണിവേഴ്സിറ്റി, സ്വീഡനിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട്, സ്കോളേഴ്സ് അറ്റ് റിസ്ക് നെറ്റ്‌വർക്ക്, ഗ്ലോബൽ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് 1900 മുതൽ 2025 വരെയുള്ള കാലഘട്ടം ആസ്പദമാക്കി പഠനം നടത്തിയത്.

പാകിസ്ഥാൻ, ഇറാഖ്, സുഡാൻ, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങൾ പോലും അക്കാദമിക് സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്ക് നേടി. ചെക്ക് റിപ്പബ്ലിക്കാണ് പട്ടികയിൽ ഒന്നാമത്. എസ്റ്റോണിയ, ബെൽജിയം, ജമൈക്ക, സ്ലോവേനിയ എന്നിവയാണ് തൊട്ടുപിന്നിൽ.

പ്രധാന കണ്ടെത്തലുകൾ

  • അഞ്ച് മാനദണ്ഡങ്ങൾ: ഗവേഷണം നടത്താനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം, ക്യാമ്പസ് ഇന്റഗ്രിറ്റി, ആവിഷ്കാര സ്വാതന്ത്ര്യം എന്നീ അഞ്ച് മേഖലകളെ ആസ്പദമാക്കിയാണ് പഠനം നടന്നത്.

  • റെക്കോർഡ് ഇടിവ്: 2013-14 മുതൽ എല്ലാ മാനദണ്ഡങ്ങളിലും ഇന്ത്യൻ സ്ഥാപനങ്ങൾ വൻ ഇടിവാണ് നേരിടുന്നത്. ഗവേഷണ-ബോധന സ്വാതന്ത്ര്യം ഒഴികെയുള്ള മറ്റെല്ലാ മേഖലകളിലും 2025-ൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് രേഖപ്പെടുത്തിയത്.

  • സ്കോറുകൾ: 0 മുതൽ 1 വരെയുള്ള സ്കെയിലിൽ ഇന്ത്യയുടെ ആകെ സ്കോർ 2025-ൽ 0.14 ആയി കുറഞ്ഞു. 2015-നെ അപേക്ഷിച്ച് 0.269 പോയിന്റിന്റെ കുറവാണിത്.