വാഷിങ്‌ടൺ: കുടിയേറ്റ നയങ്ങൾ കർശനമാക്കിയതിനെ തുടർന്ന് യു.എസ്. സർവകലാശാലകളിൽ പ്രവേശനം തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ ഇടിവ്. ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന കോമൺ ആപ്പാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2026-27 അക്കാദമിക് വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായി ആഗോളതലത്തിൽ ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം ഉയർന്നെങ്കിലും മാർച്ച് ഒന്ന് വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്ര അപേക്ഷകരുടെ എണ്ണത്തിൽ 10% കുറവ് രേഖപ്പെടുത്തി.

To advertise here,

യു.എസിലെ അന്താരാഷ്ട്ര വിദ്യാർഥികളിൽ ഏറ്റവും വലിയ പങ്കാളിത്തമുള്ള രാജ്യമായ ഇന്ത്യയിൽനിന്നുള്ള അപേക്ഷകളിലാണ് 15 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024-25ൽ 3.63 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് യു.എസിൽ വിവിധ കോഴ്‌സുകളിൽ പഠനം നടത്തിയിരുന്നത്.

വിദ്യാർഥി-സന്ദർശക വിസകൾക്കുള്ള പരമ്പരാഗത "ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്" അവസാനിപ്പിച്ച്, വിസ കാലാവധി അക്കാദമിക് കോഴ്‌സിന്റെ ദൈർഘ്യമായ പരമാവധി നാല് വർഷമായി ചുരുക്കിക്കൊണ്ട് ജൂലൈയിൽ യു.എസ്. സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനുപുറമേ, പഠനത്തിന് ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പ്രയോജനപ്പെടുത്തുന്ന വിദേശ ബിരുദധാരികൾക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്തുന്ന കാര്യവും യു.എസ്. പരിഗണിക്കുന്നുണ്ട്.