ന്യൂഡൽഹി: ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കെതിരേ ക്രമസമാധാനപാലകർ വ്യാപകമായ കടന്നുകയറ്റങ്ങൾ നടത്തുന്നുണ്ടെന്ന യു.എൻ. വംശീയ വിവേചന നിർമാർജന സമിതിയുടെ (സി.ഇ.ആർ.ഡി.) നിരീക്ഷണങ്ങൾ തള്ളി ഇന്ത്യ. സമിതിയുടെ പരാമർശങ്ങൾ രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തെ വംശീയ-മത ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, ദളിതർ, പൗരരല്ലാത്തവർ തുടങ്ങിയവർക്കെതിരേ നിയമപാലകർ വ്യാപകമായ കടന്നുകയറ്റങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. അന്താരാഷ്ട്ര ഉടമ്പടി കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സ്വതന്ത്ര വിദഗ്ധ സമിതിയാണ് സി.ഇ.ആർ.ഡി.
വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ഇന്ത്യ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായുള്ള സ്വാഭാവിക അവലോകന യോഗം എന്ന നിലയിലാണ് ഇന്ത്യ പങ്കെടുത്തത്. വംശീയവിവേചനം അവസാനിപ്പിക്കുന്നതിനും പാർശ്വവത്കരിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ദൃഢവും അടിയുറച്ചതുമാണെന്നും മന്ത്രാലയം യോഗത്തിൽ അറിയിച്ചു.
ഓഗസ്റ്റ് 11, 12 തീയതികളിൽ ജനീവയിൽ നടന്ന ഐ.സി.ഇ.ആർ.ഡി അവലോകന യോഗത്തിനുശേഷമാണ് സമിതി ഇന്ത്യക്കെതിരേ ചില പരാമർശങ്ങൾ നടത്തിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. തങ്ങളുടെ പ്രവർത്തനപരിധിക്ക് പുറത്തുനിന്നുകൊണ്ട് സമിതി നടത്തിയ പൊതുവായ ആരോപണങ്ങളെ പ്രതിനിധി സംഘം യോഗത്തിൽവെച്ചുതന്നെ എതിർത്തിരുന്നു.
Published: 26 Aug 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented