കല്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ ജോഗി കൊല്ലപ്പെട്ട സംഭവത്തിൽ സമാഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭത്തിനിറങ്ങുന്നു. ലോക ആദിവാസി ദിനമായ ഒൻപതിന് സുൽത്താൻബത്തേരിയിൽ ചേരുന്ന കൺവെൻഷനിൽ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് ആദിവാസി സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
2003-ൽ മുത്തങ്ങ റെയ്ഞ്ചിൽ ഭൂസമരം ചെയ്ത ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനായിരുന്നു ശ്രമം. തുടർന്നുണ്ടായ മനുഷ്യാവകാശലംഘനങ്ങളിലും ജോഗിയുടെ മരണത്തിലും സമഗ്രാന്വേഷണം വേണം. മുത്തങ്ങ വനത്തിൽ കുടിയിറക്കിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരൻ കെ.വി. വിനോദും ആദിവാസി ചെമ്മാട് ജോഗിയും ഒരേസ്ഥലത്താണ് മരണപ്പെട്ടത്. ഇതിൽ ജോഗിയുടെ മരണത്തിൽ എഫ്.ഐ.ആർ. മാത്രമാണുള്ളത്. ഇതിൽ അന്വേഷണമുണ്ടാകാത്തത് വിവേചനപരമാണെന്ന് നേതാക്കൾ ആരോപിച്ചു. ജോഗിയുടെ കുടുംബത്തിന് നീതി ലഭിക്കണം.
വനഭൂമിയിൽ അവകാശം സ്ഥാപിച്ചവരെ കുടിയിറക്കിയ 2003 ഫെബ്രുവരി 19-നും തുടർന്നുള്ള ദിവസങ്ങളിലും ഒട്ടേറെ ആദിവാസികൾ ക്രൂരതയ്ക്കിരയായി. കഴിഞ്ഞദിവസം ജില്ലാ സെഷൻസ് കോടതി തീർപ്പാക്കിയ സി.ബി.ഐ. കേസിൽ മാത്രം പ്രതികളിൽ 15 പേരാണ് മരിച്ചത്. ഇവരിൽ പലരും മാരകമായി പരിക്കേറ്റവരും മാനസികമായി തകർന്നവരും അംഗവൈകല്യം സംഭവിച്ചവരും ബലാത്സംഗത്തിന് ഇരയായവരുമാണ്. ആദിവാസികൾ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനായിരുന്ന നിർമല ദേശ്പാണ്ഡെ ഉത്തരവിട്ടിരുന്നു. എന്നാൽ, അന്വേഷമുണ്ടായില്ല.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സി.ബി.ഐ. കേസിൽ ഗോത്രമഹാസഭ പ്രതീക്ഷിച്ച വിധിയല്ല ജില്ലാ സെഷൻസ് കോടതിയിൽ നിന്നുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. പോലീസുകാരൻ വിനോദിന്റെ മരണം, പോലീസുകാരൻ അബ്ദുസലാം, വനം ജീവനക്കാരൻ ശശിധരൻ എന്നിവർക്കുണ്ടായ പരിക്ക് എന്നീ സംഭവങ്ങളാണ് കോടതി പരിഗണിച്ചത്. രണ്ടു സംഭവങ്ങളിലും മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കുമെന്നായിരുന്നു പ്രതീക്ഷ.
പോലീസുകാരൻ വിനോദ് മരിച്ച കേസിൽ രണ്ടാംപ്രതി അശോകനെതിരേ തെളിവുണ്ടെന്ന കോടതി നിരീക്ഷണത്തോട് ഗോത്രമഹാസഭയ്ക്ക് യോജിപ്പില്ലയെന്നും നേതാക്കൾ പറഞ്ഞു. സമരഭൂമിയിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ശ്രമിച്ചത് അശോകനാണ്. ഇദ്ദേഹം മരണപ്പെട്ടതുകൊണ്ടാണ് ഈ സംഭവത്തിൽ കോടതി ശിക്ഷവിധിക്കാത്തത്. എങ്കിലും അശോകൻ ഒഴികെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് സ്വാഗതാർഹമാണ്. സെഷൻസ് കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അടുത്തദിവസം അപ്പീൽ നൽകുമെന്നും ഗോത്രമഹാസഭ ആദിശക്തി സമ്മർ സ്കൂൾ ഭാരവാഹികൾ പറഞ്ഞു.
താമസിക്കാനും കൃഷിക്കുമുള്ള ഭൂമിക്കായി മുത്തങ്ങ വനത്തിൽ പോരാടിയവർ, കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും. ഗോത്രമഹാസഭ ജനറൽ സെക്രട്ടറി പി.ജി. ജനാർദനൻ, സി.ജെ. തങ്കച്ചൻ, സതീശ്രീ ദ്രാവിഡ്, കെ.ആർ. രേഷ്മ, ഗോപാലൻ, നന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Demand for a comprehensive investigation into the 2003 Muthanga police firing., Justice for Jogi and victims of human rights violations., Announcement of upcoming protest programs on World Indigenous Day., Adivasi Gothra Mahasabha to appeal the recent District Sessions Court verdict in the High Court.
Published: 03 Aug 2026, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented