വാഷിങ്ടൺ: തുടർച്ചയായ മൂന്നാംദിവസവും ഇറാനെതിരേ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനെതിരേ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
അമേരിക്ക ഇന്ന് രാത്രി ഇറാനെ അതിശക്തമായി ആക്രമിക്കുമെന്നും ഇറാന്റെ നാവിക-വ്യോമ സേനകളടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെല്ലാം നശിച്ചുപോയതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലയിൽ ചെയ്തതുപോലെ ഇറാന്റെ ഖാർഗ് ദ്വീപ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികംവൈകാതെ, ഒരു ഘട്ടത്തിൽ ഖാർഗ് ദ്വീപും ഇറാന്റെ എണ്ണകേന്ദ്രങ്ങളും അമേരിക്ക പിടിച്ചെടുക്കും. വെനസ്വേലയിലെ പോലെ ഇറാന്റെ എണ്ണ-വാതക വിപണികളുടെ പൂർണനിയന്ത്രണവും അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന, എണ്ണകയറ്റുമതിയുടെ 90 ശതമാനവും കൈകാര്യംചെയ്യുന്നയിടമാണ് ഖാർഗ് ദ്വീപ്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാർച്ച് പകുതിയോടെ ഖാർഗ് ദ്വീപിലും നേരത്തേ യുഎസ് ആക്രമണം നടത്തിയിരുന്നു. ഖാർഗ് ദ്വീപിലെ സൈനികസംവിധാനങ്ങൾ ബോംബിട്ട് തകർത്തെന്നായിരുന്നു അന്ന് ട്രംപിന്റെ അവകാശവാദം.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് ഇറാനുനേരേ വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി. അമേരിക്കയ്ക്കുള്ള മറുപടിയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഇതിനിടെ ഒമാൻ തീരത്ത് പലാവു പതാകയുള്ള കപ്പലിന് നേരേ യുഎസിന്റെ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ മൂന്ന് നാവികർ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച സ്ഥിരീകരിച്ചു.
Content Highlights: President Trump confirms three consecutive days of US military strikes on Iran., US plans to seize Kharg Island to control Iran's oil and gas infrastructure., Escalation follows the downing of a US helicopter near the Strait of Hormuz., Three Indian sailors reported dead following a US strike on a vessel near Oman.
Published: 11 Jun 2026, 06:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented