ലണ്ടൻ: ടൈറ്റാനിക് കടലിനടിയിലേക്ക് ഊളിയിടുമ്പോൾ ഭൂരിഭാഗംപേരും സ്വന്തം ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. എന്നാൽ, ചിലർ അവസാന നിമിഷംവരെ മറ്റുജീവനുകൾ രക്ഷിക്കാൻ പോരാടി. ആ ദുരന്തകഥയിലെ യഥാർഥ നായകർ അവരായിരുന്നു. അവരിലൊരാളായ ജാക്ക് ഫിലിപ്‌സ് തന്റെ സഹോദരിക്ക് എഴുതിയ പോസ്റ്റ്കാർഡ് വിൽറ്റ്ഷയറിൽ നടന്ന ലേലത്തിൽ 32,000 പൗണ്ടിനാണ് (ഏകദേശം 38 ലക്ഷം രൂപ) വിറ്റുപോയത്.

To advertise here,

ടൈറ്റാനിക് കപ്പലിലെ സീനിയർ വയർലെസ് ഓപ്പറേറ്ററായിരുന്നു ജാക്ക് ഫിലിപ്‌സ്. മഞ്ഞുമലയിൽ ഇടിച്ച് ടൈറ്റാനിക് മുങ്ങാൻ തുടങ്ങിയപ്പോഴും സ്വന്തം ജീവൻ പണയപ്പെടുത്തി അവസാന നിമിഷം വരെ അദ്ദേഹം അപായ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. 1,500-ലധികം പേർ മരിച്ച ദുരന്തത്തിൽ, ഫിലിപ്‌സിന്റെ സന്ദേശങ്ങൾ ലഭിച്ചെത്തിയ ‘ആർ.എം.എസ്. കാർപാത്തിയ’ കപ്പൽ വഴി 705 പേരെ രക്ഷപ്പെടുത്താനായി. 1912 ഏപ്രിൽ ആറിന് സതാംപ്ടൺ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടിരിക്കുമ്പോഴാണ് 25-കാരനായ ജാക്ക് ഫിലിപ്‌സ് ഗോഡാൽമിങ്ങിലുള്ള സഹോദരി എൽസിക്ക് ഈ കത്ത് എഴുതിയത്. മനോഹരമായ കാലാവസ്ഥയാണെന്നും യാത്ര തിരിക്കുന്നതിന് മുൻപ് വീണ്ടും എഴുതാമെന്നുമാണ് കാർഡിൽ കുറിച്ചിരുന്നത്. കപ്പൽ മുങ്ങിയതോടെ ലൈഫ് ബോട്ടിൽ കയറിയെങ്കിലും ആ ബോട്ടും മുങ്ങി. അതോടെ തണുത്തുവിറച്ച് അദ്ദേഹം മരണപ്പെട്ടു.