വാഷിങ്ടൺ: അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രതികരിച്ചില്ലെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുമായി ചർച്ചകൾക്ക് താൽപര്യം കാണിക്കാതെ ഉത്തരകൊറിയ ആണവായുധ ശേഷി വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞവർഷം ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങൾ വഴി കിമ്മുമായി ബന്ധപ്പെടാൻ ട്രംപ് ശ്രമിച്ചെങ്കിലും ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ല. തുടർന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയൻ ദൗത്യസംഘം വഴി ട്രംപിന്റെ കത്ത് കൈമാറാനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ, കത്ത് നേരിട്ട് സ്വീകരിക്കാൻ ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ വിസമ്മതിച്ചു. പിന്നീട് യു.എൻ യോഗത്തിനിടെ നൽകിയ കത്ത് തുറന്നുനോക്കാതെ അമേരിക്കൻ പ്രതിനിധിയുടെ മുന്നിൽ വെക്കുകയും ചെയ്തു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുനേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അടുത്തിടെ നടത്തിയ ഏഷ്യൻ സന്ദർശനത്തിനിടെയും കിമ്മുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് ശ്രമിച്ചിരുന്നു. എന്നാൽ, അമേരിക്കയ്ക്ക് അംഗീകരിക്കാനാകാത്ത ഉപാധികളാണ് ഉത്തരകൊറിയ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. ആണവായുധ പദ്ധതികൾ ഉപേക്ഷിക്കാൻ കിം ജോങ് ഉന്നിന് ഉദ്ദേശ്യമില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ഉത്തരകൊറിയയുടെ ആണവായുധ ശേഖരത്തിൽ ഗണ്യമായ വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019-ൽ 30 ആണവ പോർമുനകൾ ഉണ്ടായിരുന്ന രാജ്യത്ത് നിലവിൽ ഏകദേശം 60 എണ്ണമുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഭൂപ്രദേശത്തുവരെ ആക്രമണം നടത്താൻ ശേഷിയുള്ളതും വിക്ഷേപണത്തിന് മുമ്പ് കണ്ടെത്താൻ പ്രയാസമുള്ളതുമായ ഖര ഇന്ധന അധിഷ്ഠിത ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ട്.
അമേരിക്ക തങ്ങളുടെ ആണവായുധ രാജ്യപദവി അംഗീകരിച്ചാൽ മാത്രമേ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നാണ് കിം ജോങ് ഉന്നിന്റെ നിലപാട്. അല്ലാത്തപക്ഷം ഇരു രാജ്യങ്ങളും തമ്മിൽ 'ഏറ്റുമുട്ടൽ' തുടരേണ്ടിവരുമെന്ന് ഫെബ്രുവരിയിൽ തൻ്റെ പ്രസംഗത്തിൽ കിം ജോങ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയ ഉത്തരകൊറിയ, സാമ്പത്തിക സ്രോതസുകൾ ശക്തിപ്പെടുത്തുന്നതിനായി ക്രിപ്റ്റോകറൻസി തട്ടിപ്പുകളിൽ ഏർപ്പെടുന്നതായും ആരോപണങ്ങളുണ്ട്.
Content Highlights: North Korean leader Kim Jong Un did not respond to diplomatic outreach and letters from US President Donald Trump., North Korea continues to expand its nuclear weapons program instead of pursuing denuclearization talks., North Korea's nuclear warhead count has significantly increased, alongside the development of solid-fuel ICBMs., Kim Jong Un stated that relations will only improve if the US recognizes North Korea as a nuclear weapons state.
Published: 22 Nov 2026, 09:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented