
ടെന്നസി: അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവെച്ച ക്രിസ്റ്റ പൈക്ക് അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. രണ്ടുതവണ ഇഞ്ചക്ഷൻ നൽകിയിട്ടും മരണം സംഭവിക്കാത്ത ക്രിസ്റ്റയെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ടെന്നസി സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഗവർണർ താത്കാലികമായി നിർത്തിവെച്ചു.
ബുധനാഴ്ച 'പെന്റോബാർബിറ്റൽ' എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകളാണ് ക്രിസ്റ്റ പൈക്കിന് കുത്തിവെച്ചത്. എന്നാൽ മരണം സംഭവിച്ചില്ല. തുടർന്നാണ് ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. വധശിക്ഷ നടപ്പാക്കാനുള്ള നടപടികളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ.
സൂചി കുത്താനായി കയ്യിൽ ഐ.വി ലൈൻ പിടിപ്പിക്കാൻ ഒരു മണിക്കൂറോളം സമയമെടുത്തുവെന്നും ഏഴോളം സൂചികൾ ഉപയോഗിച്ചതിൽ ഒരെണ്ണം വളഞ്ഞുപോയിരുന്നുവെന്നും അഭിഭാഷകർ പറഞ്ഞു. മരുന്ന് നൽകിയ ശേഷവും മിനിറ്റുകളോളം ഇവർ ശ്വാസമെടുക്കുന്നുണ്ടായിരുന്നു.
അമേരിക്കയിലെ ടെന്നസിയിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വധശിക്ഷ നടപ്പാക്കുന്നതിനിടെ ഈ അത്യപൂർവസംഭവമുണ്ടായത്. നാഷ്‍വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിലാണ് അൻപതുകാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ജീവൻ നഷ്ടമായില്ല. അതോടെ രണ്ടാമത്തെ ഡോസ് നൽകി. ബോധം നഷ്ടപ്പെട്ടെങ്കിലും ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്യുന്ന ശബ്ദംകേട്ടു. ഇതോടെ അധികൃതർ കോടതിയെ സമീപിച്ച് വധശിക്ഷാനടപടികൾ നിർത്തിവെച്ച് അടിയന്തര വൈദ്യസഹായംനൽകി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് ടെന്നസി ഗവർണർ ബിൽ ലീ (Bill Lee) അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തെ വധശിക്ഷകൾ നടപ്പാക്കുന്നത് നിർത്തിക്കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു. ക്രൂരവും അസാധാരണവുമായ പീഡനത്തിനാണ് പൈക്ക് ഇരയായതെന്നും അവരുടെ വധശിക്ഷ ജീവിതകാലം മുഴുവൻ നീളുന്ന തടവ് ശിക്ഷയായി കുറച്ചു നൽകണമെന്നും ക്രിസ്റ്റ പൈക്കിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
1996-ൽ 19-കാരിയായ കൊളീൻ സ്ലെമ്മറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ 18 വയസ്സായിരുന്നു പൈക്കിന്റെ പ്രായം. തൊഴിൽ പരിശീലനകേന്ദ്രത്തിൽ പരിചയപ്പെട്ട സ്ലെമ്മറെ കാമുകൻ ടഡറൽ ഷിപ്പും പൈക്കും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഷിപ്പിന് ജീവപര്യന്തം തടവു കിട്ടി. ആദ്യം അപ്പീൽ കോടതി വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചെങ്കിലും സുപ്രീംകോടതി അതു നീക്കിയതോടെ നടപടി പുനരാരംഭിച്ചു. മാരകമരുന്ന് നൽകിയശേഷവും ഒരാൾ ജീവനോടെ തുടരുന്ന സംഭവം അത്യപൂർവമാണ്. കഴിഞ്ഞ 200 വർഷത്തിനിടെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്.
Content Highlights: Christa Pike's lethal injection execution in Tennessee failed after two doses of pentobarbital., Pike was rushed to intensive care after continuing to breathe following the injection., Tennessee Governor Bill Lee temporarily suspended all state executions pending an independent investigation., Attorneys argued the execution was botched, citing difficulties with IV lines and severe distress.
Published: 02 Oct 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented