വാഷിങ്ടൺ: എൻവിഡിയയുടെ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹുവാങ് അതിബുദ്ധിമാനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായുള്ള ബന്ധം പുറത്തെത്തിയതിന് പിന്നാലെയാണ് എൻവിഡിയയുടെ സിഇഒ സ്ഥാനത്തുനിന്ന് കഴിഞ്ഞയാഴ്ച  ഹുവാങ് രാജിവെച്ചത്.

To advertise here,

ഷെൻസെനിൽ ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ഹുവാങ്ങിനെ പോലുള്ള പ്രതിഭകളെ യുഎസ് സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നിലവിലെ വിവാദത്തെ പരിതാപകരമായ സംഭവമെന്നാണ് വിശേഷിപ്പിച്ചത്. ഹുവാങ് അസാധാരണ പ്രതിഭയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചില ആളുകൾക്ക് പകരക്കാരില്ല. അദ്ദേഹം പത്തുവർഷം മുന്നിൽ ചിന്തിച്ചിരുന്നയാളാണ്. നമ്മുടെ പ്രതിഭാശാലികളെ സംരക്ഷിക്കേണ്ടതുണ്ട്. അത്തരക്കാർ വളരെക്കുറച്ചേയുള്ളൂ, യുഎസ് പ്രസിഡന്റ് പറഞ്ഞു.

ഷിയുമായുള്ള സംഭാഷണത്തിനിടെ ഹുവാങ് വിഷയം ചെറുതായി പരാമർശിച്ചുവെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾ അത് ചർച്ച ചെയ്തില്ല. അത് പരിതാപകരമായ ഒരു സംഭവമായതിനാൽ ഞാൻ അതേക്കുറിച്ച് ചെറുതായി പരാമർശിച്ചിട്ടുണ്ടാകാം, ട്രംപ് പറഞ്ഞു. ചൈനീസ് വനിതയുമായുള്ള ഹുവാങ്ങിന്റെ ബന്ധം ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന ചോദ്യത്തിന്- ആലീസ് ചാരവനിതയാണെന്ന് താൻ കേട്ടിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, അവരെ സുന്ദരിയായ വനിത എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചൈനയിൽനിന്ന് വരുന്ന സുന്ദരിയായ ഏതൊരു സ്ത്രീയേയും ചാരവനിതയായാണ് അവർ കണക്കാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

ചിപ്പുകൾ വാങ്ങിയിരുന്ന ഒരു 'വ്യവസായസംരംഭക'യാണ് ആലീസെന്നും ട്രംപ് പറഞ്ഞു. 'അവ വാങ്ങിയത് നിയമപരമായാണോ അല്ലയോ എന്ന് ആർക്കറിയാം. എന്നാൽ, ഒരു കാര്യം എനിക്ക് പറയാനാകും. അവ വാങ്ങാൻ ഞങ്ങൾ അനുവദിക്കുന്നുണ്ട്. പണം സമ്പാദിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’, ട്രംപ് കൂട്ടിച്ചേർത്തു.