ടെന്നസി: ''ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതുപോലെ സ്‌നേഹത്തോടെത്തന്നെയാണ് ഞാൻ ഈ ലോകത്തുനിന്ന് പോകുന്നത്'' -വധശിക്ഷ നടപ്പാക്കുന്നതിനുതൊട്ടുമുൻപ് ക്രിസ്റ്റ പൈക്ക് തന്റെ അവസാനവാക്കുകൾ മൊഴിഞ്ഞ് മരണം കാത്തുകിടന്നു. മാരകമരുന്നിന്റെ രണ്ടു ഡോസുകൾ ശരീരത്തിലേക്കുകയറി. പക്ഷേ, അവരുടെ ഹൃദയം നിലച്ചില്ല. മരണത്തിന്റെ പടിവാതിൽക്കലെത്തി ജീവിതത്തിലേക്ക് തിരികെനടന്നു.

To advertise here,

അമേരിക്കയിലെ ടെന്നസിയിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ടാണ് വധശിക്ഷ നടപ്പാക്കുന്നതിനിടെ ഈ അത്യപൂർവസംഭവമുണ്ടായത്. നാഷ്‌വില്ലിലെ റിവർബെൻഡ് മാക്‌സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റിയൂഷനിലാണ് അൻപതുകാരി ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. പെന്റോബാർബിറ്റലിന്റെ ആദ്യ ഡോസ് നൽകിയിട്ടും ജീവൻ നഷ്ടമായില്ല. അതോടെ രണ്ടാമത്തെ ഡോസ് നൽകി. ബോധം നഷ്ടപ്പെട്ടെങ്കിലും ശ്വാസമെടുക്കുകയും കൂർക്കംവലിക്കുകയും ചെയ്യുന്ന ശബ്ദംകേട്ടു. ഇതോടെ അധികൃതർ കോടതിയെ സമീപിച്ച് വധശിക്ഷാനടപടികൾ നിർത്തിവെച്ച് അടിയന്തര വൈദ്യസഹായംനൽകി ആശുപത്രിയിലേക്ക് മാറ്റി.

1995-ൽ 18 വയസ്സുള്ളപ്പോൾ 19-കാരിയായ കോളീൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തൊഴിൽപരിശീലനകേന്ദ്രത്തിൽ പരിചയപ്പെട്ട സ്ലെമ്മറെ കാമുകൻ ടഡറൽ ഷിപ്പും പൈക്കും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഷിപ്പിന് ജീവപര്യന്തം തടവു കിട്ടി. ആദ്യം അപ്പീൽ കോടതി വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചെങ്കിലും സുപ്രീംകോടതി അതു നീക്കിയതോടെ നടപടി പുനരാരംഭിച്ചു. മാരകമരുന്ന് നൽകിയശേഷവും ഒരാൾ ജീവനോടെ തുടരുന്ന സംഭവം അത്യപൂർവമാണ്. സംഭവത്തിനുപിന്നാലെ ടെന്നസിയിൽ ഈ വർഷം നിശ്ചയിച്ച വധശിക്ഷകൾ നിർത്തിവെച്ചു.