
ബെയ്ജിങ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന്റെ ചൈനീസ് സന്ദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി റഷ്യയുടെ രഹസ്യ ‘ആണവ ബ്രീഫ്കേസ്’. ഔദ്യോഗിക ചടങ്ങുകളിൽ പുതിനൊപ്പം തൊട്ടുപിന്നിലായി സൈനിക ഉദ്യോഗസ്ഥർ ഈ സുരക്ഷാ ഉപകരണം കൈവശംവെച്ച് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചൈനയിലെത്തിയ പുതിനെ പിന്തുടർന്ന് രണ്ട് റഷ്യൻ നാവികസേനാ ഉദ്യോഗസ്ഥർ ബ്രീഫ്കേസുമായി നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
റഷ്യയുടെ ന്യൂക്ലിയർ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനത്തിന്റെ ഭാഗമായ 'ചെഗെത്' ആണിതെന്നാണ് കരുതുന്നത്. റഷ്യൻ സേനാ നേതൃത്വവുമായും ആണവ കമാൻഡ് ശൃംഖലയുമായും പ്രസിഡന്റിന് സുരക്ഷിതമായി ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഈ പെട്ടിയിലുള്ളത്.
ചെഗെത് ഉപയോഗിച്ച് നേരിട്ട് ആണവായുധങ്ങൾ തൊടുത്തുവിടാനാകില്ല. മറിച്ച്, രാജ്യത്തിന്റെ ആണവായുധങ്ങൾ ഉപയോഗിക്കാൻ സൈനിക കമാൻഡർമാർക്ക് അനുമതി നൽകാനും അവരുമായി ആശയവിനിമയം നടത്താനും റഷ്യൻ നേതൃത്വത്തിന് സാധ്യമാകുന്ന വിപുലമായ സംവിധാനത്തിന്റെ ഒരു ഭാഗമാണിത്. പുടിൻ യാത്രചെയ്യുമ്പോൾ പ്രത്യേക ചുമതലയുള്ള സൈനിക ഉദ്യോഗസ്ഥരാണ് ഈ ഉപകരണം കൊണ്ടുനടക്കുന്നത്. റഷ്യയുടെ മൊബൈൽ ന്യൂക്ലിയർ കമാൻഡ് സംവിധാനത്തിന്റെ പ്രധാന ഘടകമാണ് ചെഗെത്.
സായുധ സേനയുടെ പരമോന്നത തലവനായ പ്രസിഡന്റിന് രാജ്യത്തെ ഉന്നത സൈനിക നേതൃത്വവുമായി അതീവ രഹസ്യമായി ആശയവിനിമയം നടത്താൻ ഇത് സൗകര്യമൊരുക്കുന്നു. കരയിൽ നിന്നുള്ള മിസൈലുകൾ, അന്തർവാഹിനികൾ, തന്ത്രപ്രധാന ബോംബർ വിമാനങ്ങൾ എന്നിവയുൾപ്പെടുന്ന റഷ്യയുടെ ആണവ സേനയെ നിയന്ത്രിക്കുന്ന ജനറൽ സ്റ്റാഫുമായും വിപുലമായ ആണവ കമാൻഡ് കേന്ദ്രങ്ങളുമായും ഈ സംവിധാനം നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.
റഷ്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിന്റെ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ആഗോള വിഷയങ്ങളും ചർച്ചയായി. ഊർജ്ജ വിതരണം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.
ചൈനയിലേക്കുള്ള റഷ്യൻ വാതകവിതരണം വിപുലീകരിക്കുന്ന നിർദ്ദിഷ്ട 'പവർ ഓഫ് സൈബീരിയ 2' വാതക പൈപ്പ്‌ലൈൻ പദ്ധതിയും ഊർജ്ജ ചർച്ചകളിൽ പ്രധാന പങ്കുവഹിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ഇടപാടുകൾ സ്വന്തം കറൻസികളിൽ വ്യാപിപ്പിക്കാനും സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ഇരുപക്ഷവും ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Russian President Vladimir Putin was seen accompanied by military aides carrying the strategic 'Cheget' nuclear briefcase during his bilateral diplomatic visit to China for high-level summits with Xi Jinping.
Published: 19 Nov 2026, 11:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented