കാബൂള്‍: അഫ്ഗാനിസ്താന്റെ അതിര്‍ത്തികള്‍ കാക്കാന്‍ ചാവേറുകളെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് താലിബാന്‍ ഭരണകൂടം. ഇതിനുവേണ്ടി ഒരു പ്രത്യേക ബെറ്റാലിയണ്‍ രൂപവത്കരിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. താജിക്കിസ്താനും ചൈനയുമായി അതിര് പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രവിശ്യയായ  ബഡാക്ഷാനിലാണ് ചാവേറുകളെ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹമ്മദ് അഹമ്മദി അറിയിച്ചു.

താജിക്കിസ്താനുമായി ഇപ്പോള്‍ തന്നെ അഫ്ഗാനിസ്താന്‍ സംഘര്‍ഷത്തിലാണ്. താജിക് വംശജര്‍ക്ക് പുതിയ അഫ്ഗാന്‍ സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് താജിക് പ്രസിഡന്റ് ഇമോമലി റഹ്‌മോന്‍ യു.എന്‍. പൊതുസഭയില്‍ ആവശ്യപ്പെടുക വരെ ചെയ്തിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവിശ്യയില്‍ വിവിധ തീവ്രവാദ സംഘടനകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് ഒരു ചാവേര്‍ സംഘത്തെ വിന്യസിക്കാന്‍ താലിബാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

മന്‍സൂര്‍ സേന എന്ന് അര്‍ഥം വരുന്ന ലഷ്‌കര്‍ ഇ മന്‍സൂരി എന്നാണ് ബെറ്റാലിയന്റെ പേര്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കുകയാണ് ഇവരുടെ ദൗത്യമെന്ന് മുല്ല നിസാര്‍ പറഞ്ഞു. അഫ്ഗാനിസ്തനില്‍ ശേഷിക്കുന്ന യു.എസ്. സൈനിക ക്യാമ്പുകള്‍ തകര്‍ക്കുക എന്നൊരു ലക്ഷ്യംകൂടിയുണ്ട് ഇവര്‍ക്ക്.

ലഷ്‌കര്‍ ഇ മന്‍സൂരിക്ക് പുറമെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു ചാവേര്‍ സേനയെ കൂടി വിന്യസിച്ചിട്ടുണ്ട് താലിബാന്‍.

Content Highlights: Taliban to deploy suicide bombers at border with Tajikistan