റോം/പാരീസ്: ഉയർന്ന ജീവിതച്ചെലവ്, വീട്ടുവാടക വർദ്ധനവ്, പണപ്പെരുപ്പം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ, പെൻഷൻ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ, അൽബേനിയ, ബെൽജിയം ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വൻ ജനകീയ പ്രക്ഷോഭം തുടരുന്നു. ഇറ്റലിയിലെ മിലാൻ, റോം, ടൂറിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പതിനായിരക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും തെരുവിലിറങ്ങി വൻ പ്രതിഷേധ മാർച്ച് നടത്തി.

To advertise here,

കഴിഞ്ഞ ആഴ്ചയിലുണ്ടായ അക്രമ സംഭവങ്ങളും കൊള്ളയടിക്കലും ആവർത്തിക്കാതിരിക്കാൻ അധികൃതർ ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് നഗരങ്ങളിൽ ഏർപ്പെടുത്തിയത്. അക്രമങ്ങൾ തടയുന്നതിനായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മിലാനിലേക്ക് 500 അധിക സൈനികരെ നിയോഗിച്ചു. മുൻപ് നിലയുറപ്പിച്ചിരുന്നവർക്ക് പുറമെയാണിത്. ഇതോടെ 5,000-ത്തോളം വരുന്ന പോലീസിനും മറ്റ് സുരക്ഷാ വിഭാഗങ്ങൾക്കുമൊപ്പം സൈന്യവും നഗരത്തിൽ കാവൽ നിൽക്കുകയാണ്.

മിലാനിലെ പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും, മുൻകരുതലിന്റെ ഭാഗമായി ടിഫാനി, ഗുച്ചി, ഒമേഗ തുടങ്ങിയ പ്രമുഖ ലക്ഷ്വറി ഷോപ്പുകളും ആപ്പിൾ സ്റ്റോറും മരപ്പലകകൾ ഉപയോഗിച്ച് അടച്ചിട്ടു. ഊർജ്ജ റെഗുലേറ്ററി ഓഫീസിന് മുന്നിൽ ചാണകം തള്ളിയ പ്രതിഷേധക്കാർ പ്രതീകാത്മകമായി വലിയ തുകയുടെ വൈദ്യുതി ബിൽ കത്തിക്കുകയും ചെയ്തു. റോമിലും ടൂറിനിലും പോലീസുമായി നേരിയ ഏറ്റുമുട്ടലുകളുണ്ടായി.

റോമിൽ പോലീസിന് നേരെ പടക്കങ്ങളും കുപ്പികളും എറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. റോമിലെ കൊളോസിയത്തിനുള്ളിൽ പ്രവേശിച്ച ചില വിദ്യാർത്ഥികൾ പലസ്തീൻ പതാകകൾ വീശി പ്രതിഷേധിച്ചു. കൊളോസിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ചില പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. പിയാസ ഡെല്ല റിപ്പബ്ലിക്കയ്ക്ക് സമീപം പ്രകടനക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ടൂറിനിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ഇറ്റലിക്ക് പുറമെ യൂറോപ്പിലെ മറ്റ് പ്രധാന യൂറോപ്യൻ നഗരങ്ങളിലേക്കും ജനകീയ പ്രക്ഷോഭങ്ങൾ വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ പലയിടത്തും അക്രമാസക്തമായതിനെ തുടർന്ന് ഫ്രാൻസിൽ ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ നാല് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തലസ്ഥാനമായ പാരീസിൽ പ്രകടനത്തിന് പിന്നിൽ അണിനിരന്ന തീവ്ര നിലപാടുകാരായ പ്രതിഷേധക്കാർ ബാരിക്കേഡുകൾ ഉയർത്തുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കാർ ഡീലർഷിപ്പിന്റെ ചില്ലുകൾ തകർത്ത പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. മാർസെയിൽ മാലിന്യ നിക്ഷേപ ബിന്നുകൾക്ക് തീയിടുകയും ബോർഡോയിൽ ബാരിക്കേഡുകൾ തീർത്ത് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ലിയോണിൽ വിലക്ക് ലംഘിച്ച് സംഘടിച്ചവർക്ക് നേരെയും പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പൊതുമുതൽ നശിപ്പിച്ചവർക്കും അക്രമം അഴിച്ചുവിട്ടവർക്കും നേരെ വേഗത്തിലുള്ള കോടതി നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്‌പെയിനിലെ ബാഴ്‌സലോണയിൽ കടകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്ത അക്രമ സംഭവങ്ങളിൽ നൂറോളം പേർ അറസ്റ്റിലായി. ഇതിൽ കാൽഭാഗത്തോളം പേരും പ്രായപൂർത്തിയാകാത്തവരാണ്. തലസ്ഥാനമായ മാഡ്രിഡിൽ പെൻഷൻ സംവിധാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25,000-ത്തിലധികം ആളുകൾ തെരുവിലിറങ്ങി. അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ വിദ്യാഭ്യാസ അഴിമതിക്കെതിരെയും ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടും നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അക്രമാസക്തമായി. പോർച്ചുഗലിൽ ചെലവുകുറഞ്ഞ പാർപ്പിട സൗകര്യങ്ങൾ ആവശ്യപ്പെട്ട് ലിസ്ബണിൽ ജനങ്ങൾ പ്രതിഷേധ മാർച്ച് നടത്തി.