ന്യൂഡൽഹി: പാക് വിരുദ്ധ വിമതരെ നേരിടാൻ പാകിസ്താൻ, അഫ്ഗാനികളെ റിക്രൂട്ട് ചെയ്ത് ആയുധങ്ങൾ നൽകുന്നുവെന്ന റിപ്പോർട്ടുകളിൽ ആശങ്കയറിയിച്ച് അഫ്ഗാനിസ്താനിലെ മുൻ യുഎസ് അംബാസഡർ സൽമേ ഖലീൽസാദ്. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം ഇനിയും കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്താനിലെ താലിബാനെതിരെ പോരാടാൻ പാകിസ്താൻ അഫ്ഗാനികൾക്ക് ആയുധങ്ങൾ നൽകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോൾ പാകിസ്താൻ വിരുദ്ധ വിമതരെ നേരിടാനും അഫ്ഗാനികളെ പാക് സൈന്യം റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് ഖലീൽസാദ് പറഞ്ഞു.

To advertise here,

തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് ഖലീൽസാദ് ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പാകിസ്താൻ ഇൻഫൊർമേഷൻ മന്ത്രാലയം പ്രതികരിച്ചു. അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഖലീൽസാദ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു.

അതിർത്തിയിൽ തുടർച്ചയായി ഏറ്റുമുട്ടലുകൾ ഉണ്ടായതും അഫ്ഗാനിസ്താനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ വഷളാണ്. ഈ സാഹചര്യത്തിലാണ് പുതിയ ആരോപണങ്ങൾ ഉയർന്നത്.

ശനിയാഴ്ച വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്താൻ സൈന്യവും അഫ്ഗാൻ താലിബാൻ അംഗങ്ങളും തമ്മിൽ വെടിവെപ്പുണ്ടായി. മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനിടെ ഖൈബർ പഖ്തുൻഖ്വയിലെ കുറം ജില്ലയിൽ പീരങ്കികൾ ഉപയോഗിച്ച് താലിബാൻ പോസ്റ്റുകൾ തകർത്തതായി പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

കിഴക്കൻ അഫ്ഗാനിസ്താനിൽനിന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ താലിബാൻ സായുധസംഘത്തിലെ അംഗങ്ങളെ സൈന്യം വധിച്ചതായും പാകിസ്താൻ അധികൃതർ അവകാശപ്പെട്ടു. എന്നാൽ, കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഏറ്റുമുട്ടലുകളെക്കുറിച്ച് അഫ്ഗാനിസ്താൻ ഇതുവരെ പ്രതികരിച്ചില്ല.

തെഹ്‍രിക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) നേതാക്കൾക്കും പോരാളികൾക്കും അഫ്ഗാനിസ്താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. അഫ്ഗാൻ താലിബാനിൽനിന്ന് വ്യത്യസ്തമായ സംഘടനയാണെങ്കിലും അതുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘമാണ് ടിടിപി. അതേസമയം, പാകിസ്താന്റെ ആരോപണങ്ങൾ അഫ്ഗാൻ സർക്കാർ നിഷേധിച്ചിട്ടുണ്ട്.