വാഷിങ്ടൺ: ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ളോറിഡയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരാറിലെത്താൻ ഇറാന് താൽപര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ കരാർ വ്യവസ്ഥകൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

വീണ്ടും ആക്രമണം നടത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'ഞാൻ അത് മുൻകൂട്ടി വെളിപ്പെടുത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരുപക്ഷേ നാളെ ഉണ്ടായേക്കാം... അല്ലെങ്കിൽ നമ്മൾ ഒരു നല്ല കരാറിലെത്തിയേക്കാം' എന്നായിരുന്നു ട്രംപിന്റെ മറുപടി.

പശ്ചിമേഷ്യയിൽ യു.എസ് സൈന്യവും നാവികസേനയും മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും ഇറാന്റെ പോർവിമാനങ്ങളും 259 കപ്പലുകളും തകർത്തതായും ഉയർന്ന പണപ്പെരുപ്പം മാത്രമാണ് ഇറാനിൽ ശേഷിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന നിർദ്ദേശം പാകിസ്താൻ മധ്യസ്ഥർ വഴി അമേരിക്കയ്ക്ക് സമർപ്പിച്ചെന്ന വാർത്തകൾ ഇറാൻ പൂർണ്ണമായി നിഷേധിച്ചു. ചില മാധ്യമങ്ങൾ പുറത്തുവിട്ട ഈ വാർത്ത 'വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന്' ഭരണകൂടത്തെ ഉദ്ധരിച്ച് ഇറാന്റെ തസ്‌നിം ന്യൂസ് ഏജൻസിയെയും പ്രസ് ടിവിയെയും വ്യക്തമാക്കി.

അതിനിടെ മിഡിൽ ഈസ്റ്റിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള അമേരിക്കൻ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന വധശ്രമ നീക്കങ്ങൾ ശക്തമായിട്ടുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില വധശ്രമ പദ്ധതികൾ അവസാന ഘട്ടത്തിലേക്ക് കടന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് പശ്ചിമേഷ്യയിലെ വിവിധ യു.എസ് എംബസികളിലെ ജീവനക്കാരുടെ എണ്ണം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കുറച്ചിട്ടുണ്ട്.