കണ്ണൂർ: വൈദേകം റിസോർട്ടിലെ നിക്ഷേപവിവാദത്തിൽ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയെ ഉന്നമിട്ട് വീണ്ടും ഇ.പി. ശ്യാംജിത്ത്. ജയരാജന്റെ സഹോദരിയുടെ മകനാണ് ശ്യാംജിത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.

To advertise here,

കണ്ണൂർ ആയുർവേദ റിസോർട്ടിൽ ഇന്ദിരയുടെ നിക്ഷേപം റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്നും കേരള ബാങ്കിൽനിന്ന് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ എത്ര രൂപയായിരുന്നു എന്നും ശ്യാംജിത്ത് കുറിപ്പിൽ ആരായുന്നു.

ശ്യാംജിത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്. കാത്തിരിക്കൂ... പി.കെ. ഇന്ദിര കണ്ണൂർ ആയുർവേദ റിസോർട്ടിൽ ഷെയർ നിക്ഷേപിച്ചത് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ? കേരള ബാങ്കിൽ ജോലി ചെയ്ത് വിരമിച്ച ഒരാൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ? ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകൾ ഇനിയും പുറത്തുവരാനുണ്ട്.

ഫെയ്‌സ്ബുക്കിലെ മറ്റൊരു കുറിപ്പിൽ, സി.പി.എമ്മിനെതിരെ നീങ്ങിയ തോമസിനെ കണ്ണൂർ ആയുർവേദ റിസോർട്ടിൽ പി.കെ. ഇന്ദിര നിയമിച്ചതാണെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ടെന്നും ശ്യാംജിത്ത് പറയുന്നുണ്ട്. 'പാർട്ടിക്കുള്ളിലെ പല കാര്യങ്ങളും പുറത്തറിയുന്നതിന് പിന്നിൽ പി.കെ. ഇന്ദിരയുടെ ബന്ധുവിന് പങ്കുണ്ടോ എന്നതും വഴിയേ വ്യക്തമാകുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്. രേഖകളും വിവരങ്ങളും പുറത്തുവരട്ടെ. ആരെയും മുൻകൂട്ടി കുറ്റക്കാരനാക്കുന്നില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണം. രേഖകൾ സംസാരിക്കട്ടെ. കാത്തിരിക്കൂ... ബാക്കി വഴിയേ അറിയാം’ എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.